കേരളയിൽ നിയമവിരുദ്ധമായി രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് എം.ബി.എ കോഴ്സ്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിയമ വിരുദ്ധമായി രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾ എം.ബി.എ കോഴ്സ് നടത്തുന്നതായി ഗവർണക്ക് പരാതി. സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും ചട്ടങ്ങൾക്ക് വിരുധമായി രണ്ടു സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ച എം.ബി.എ കോഴ്സ് നിർത്തലാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്കും എ.ഐ.സി.ടി.ഇ ചെയർമാനും നിവേദനം നൽകിയെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും അറിയിച്ചു.

കേരള യൂനിവേഴ്സിറ്റിയുടെ കാമ്പസിൽ മാത്രം നേരിട്ട് നടത്തുന്ന എം.ബി.എ പ്രോഗ്രാം ആദ്യമായാണ് സർവകലാശാലയ്ക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ചത്. സർവകലാശാല പഠന വകുപ്പിൽ നടത്തുന്ന സി.എസ്.എസ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സ്കീം) കോഴ്സുകൾ സർവകലാശാലയ്ക്ക് പുറത്തുള്ള കോളജുകൾക്ക് അനുവദിക്കാൻ വ്യവസ്ഥയില്ല. ഇത് സി.എസ്.എസ് കോഴ്സിന്റെ അക്കാദമിക് ഗുണ നിലവാരം തകർക്കുമെന്നും ആക്ഷേപമുണ്ട്.

ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എൽ. മാനേജ്മെൻറ് അക്കാദമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് കോഴ്സ് അനുവദിച്ചത്. 30 പേർക്ക് വീതമാണ് പ്രവേശനം നൽകുന്നത്. വിദ്യാർഥി പ്രവേശനം, ഫീസ്, അധ്യാപക നിയമനം, അധ്യയനം, മൂല്യനിർണയം തുടങ്ങിയവയെല്ലാം സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സർവകലാശാല ഫീസിന്റെ ഇരട്ടി ഫീസാണ് ഓരോ സെമെസ്റ്ററിനും ഈടാക്കുന്നത്. വിദ്യാർഥി പ്രവേശനത്തിനുള്ള അപേക്ഷകൾ സ്ഥാപനങ്ങൾ നേരിട്ട് സ്വീകരിച്ചുതുടങ്ങി.

ലാറ്റക്സ് തൊഴിലാളികൾക്കും, കർഷകർക്കും പരിശീലനം നൽകുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായാണ് സർവകലാശാല ധാരണാപത്രം ഒപ്പുവച്ച് കോഴ്സുകൾ അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ യൂനിവേഴ്സിറ്റി അഫിലിയേഷനും കോഴ്സുകളും അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ ലംഘിച്ചാണ് കോഴ്സ് നൽകിയത്.

അഫിലിയേറ്റഡ് കോളജുകൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള നിയമാനുസൃതമായ സ്ഥലവും മറ്റ് സൗകര്യങ്ങളും ഈ സ്ഥാപനങ്ങളിൽ ഇല്ല. എം.ബി.എ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ എ.ഐ.സി.ടി.ഇ യുടെ മുൻ‌കൂർ അനുമതി നേടിയിരിക്കണം. എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദങ്ങൾക്ക് അംഗീകാരമുണ്ടാവില്ല. എന്നാൽ,  സർവകലാശാലകൾക്ക് എം.ബി.എ കോഴ്സ് നടത്തുന്നതിന് എ.ഐ.സി.ടി.ഇ അംഗീകാരം നിർബന്ധമല്ല. ഈ ഇളവ് ദുരുപയോഗം ചെയ്താണ് രണ്ട് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്നും കമ്മിറ്റി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - MBA courses for two private institutions illegally in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.