ഒട്ടേറെ ആശങ്കകള്‍ നിറഞ്ഞ മെഡിക്കൽ പ്രവേശന പരീക്ഷയായിരുന്നു- നീറ്റ്-ഇത്തവണ. ഉരുണ്ടുകൂടി വന്ന വലിയ അനിശ്ചിതത്വങ്ങള്‍ മാറിയിരിക്കുന്നു. നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയുള്ള എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ് സി നഴ്സിങ് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ഇന്നലെ ആരംഭിച്ചു. ഇത് നടത്തുന്നത് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി(എം.സി.സി) യാണ്.
ആദ്യഘട്ടം രജിസ്േട്രഷനാണ്. അതാണ് മുമ്പ് പ്രഖ്യാപിച്ചത് പോലെ ഇന്നലെ തുടങ്ങിയത്. ചോയ്സ് ഫില്ലിങ് അഥവാ കോളജുകളുടെയും കോഴ്സുകളുടെയും പട്ടിക നമ്മുടെ താല്പര്യത്തിനനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ സൈറ്റില്‍ സമര്‍പ്പിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് ആഗസ്റ്റ് 16 നാണ്. ആഗസ്റ്റ് 20ന് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും അവസാനിക്കും.
രജിസ്ട്രേഷന്,ചോയ്സ്
ഫില്ലിങ് വിവിധ ഘട്ടങ്ങള്‍
◆ഒന്നാം ഘട്ടം : ആഗസ്റ്റ് 14 - 20
◆രണ്ടാം ഘട്ടം : സെപ്റ്റംബര്‍ 5 -10
◆മൂന്നാം ഘട്ടം : സെപ്റ്റംബര്‍ 26 - ഒക്ടോബര്‍ 2
◆നാലാം ഘട്ടം : ഒക്ടോബര്‍ 16 - 20
ആദ്യം എം.സി.സി സൈറ്റില്‍ കയറി രജിസ്റ്റർ ചെയ്യുക. ഈ സമയം ‘നീറ്റ്’ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നല്കിയ നമ്പറുള്ള ഫോണ്‍ കൈയിലുണ്ടാകണം. ഒ.ടി.പി ആ നമ്പറിലേക്ക് ആയിരിക്കും വരുക. രജിസ്ട്രേഷന് സമയത്ത് ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളജിൽ (എ.എഫ്.എം.സി) പ്രവേശനം ആഗ്രഹിക്കുന്നവർക്ക് അതിന് അവസരമുണ്ട്. എ.എഫ്.എം.സിയിലേക്കുള്ള പ്രവേശന നടപടി ക്രമങ്ങളും മറ്റും എ.എഫ്.എം. സി നേരില്‍ പുണെയിലെ കാമ്പസില്‍ വെച്ചാണ് നടത്തുന്നത്.
വിദ്യാർഥികളുടെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ചേര്‍ത്തതിനു ശേഷം ഏതൊക്കെ ഓപ്ഷന് ഫില്ലിങ് ആണ് താല്പര്യം ഉള്ളത് എന്നും രേഖപ്പെടുത്തേണ്ടതുണ്ട്. അതിനനുസരിച്ചാണ് രജിസ്ട്രേഷന് വരുന്നത്.
ശ്രദ്ധിച്ച് വേണം ചോയ്സ് ഫിൽ ചെയ്യാൻ. അറിയാതെ ഡീംഡ് സര്‍വകലാശാലകള്‍ രജിസ്ട്രേഷനിടയില് പെട്ട് പോയാല്‍ രണ്ട് ലക്ഷം ഫീസടക്കേണ്ടി വരും. അങ്ങനെ അറിയാതെ ചെയ്താൽ നമുക്ക് പിന്നീട് അത് റദ്ദാക്കി പുതിയ രജിസ്ട്രേഷന് ചെയ്യാവുന്നതാണെങ്കിലും സൂക്ഷ്മത പുലര്‍ത്തുന്നതാണ് നല്ലത്. വിവരങ്ങളും താല്പര്യങ്ങളും സമര്‍പ്പിച്ച ശേഷം ഫീസ് അടക്കണം. അലോട്ട്മെന്റ് നടപടികൾക്കുള്ള ഫീസാണിത്. എസ്. സി/എസ്.ടി /ഒ.ബി.സി /പി.ഡബ്ല്യു.ഡി വിദ്യാര്‍ഥികള്‍ക്ക് 5,500 രൂപയും ജനറല്‍ - ഇ.ഡബ്ല്യ.എസ് വിദ്യാര്‍ഥികള്‍ക്ക് 11,000 രൂപയുമാണ് ഫീസ്. ഡീംഡ് സര്‍വകലാശാലകള്‍ ആഗ്രഹിക്കുന്നവര്‍ 2,11,000 രൂപ അടക്കേണ്ടി വരും.
ഡീംഡ് സ്ഥാപനങ്ങള്‍ ഒഴിവാക്കിയാല്‍ എം.ബി.ബി.എസ് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാവുന്ന 373 സ്ഥാപനങ്ങളാണ് നിലവിലുള്ളത്, ഈ വര്‍ഷം എണ്ണം കൂടാന്‍ സാധ്യതയുണ്ട്. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും (മഹാരാഷ്ട്ര, പഞ്ചാബ്, ഗോവ, പോണ്ടിച്ചേരി) ഫീസ് ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുന്നുണ്ട്. വളരെ ദൂരെയുള്ള, യാത്രാ സൗകര്യം പരിമിതമായ സ്ഥാപനങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ കോളജുകളുടെ ദൂരം, യാത്രാ സൗകര്യം, ഫീസ്, നിലവാരം എന്നിവ പരിഗണിച്ച് വേണം മുന്‍ഗണനാ ക്രമത്തില്‍ കോളജുകളുടെ ഓപ്ഷന് തയാറാക്കാന്‍.
ഈ വര്‍ഷം മുന്‍വര്‍ഷത്തെ പോലെ നാല് ഘട്ടങ്ങളായാണ് അലോട്ട്മെന്റ്. ആദ്യത്തെ മൂന്നു റൗണ്ട് കഴിഞ്ഞാല്‍ നാലാമത്തേത് സ്ട്രേ വേക്കന്‍സി റൗണ്ട് ആയിരിക്കും. ആവശ്യമെങ്കില്‍ ഒരു സ്പെഷല്‍ സ്ട്രേ റൗണ്ട് ഉണ്ടായിരിക്കും.
ഒന്നാം ഘട്ടത്തിൽ കിട്ടിയ സീറ്റില്‍ ചേരാതിരിക്കാം. രജിസ്ട്രേഷന് ഫീ നഷ്ടപ്പെടില്ല. അടുത്ത അലോട്ട്മെന്റുകളില്‍ പങ്കെടുക്കുകയും ചെയ്യാം. (കേരളത്തില്‍ അലോട്ട്മെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ച സീറ്റില്‍ ചേരാൻ നിര്‍ദേശം ഉണ്ടായിട്ടും ചേർന്നില്ലെങ്കില്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുക്കാന്‍ ആവില്ല.) രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ച ശേഷം കോളജില്‍ ചേർന്നില്ലെങ്കില്‍ രജിസ്ട്രേഷന് ഫീസ് നഷ്ടപ്പെടും. മൂന്നാം ഘട്ട അലോട്ട്മെന്റില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയും വേണം.
മൂന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് പിന്നെ സ്ട്രേ വേക്കന്‍സി അലോട്ട്മെന്റില്‍ പങ്കെടുക്കാനാവില്ല. മാത്രമല്ല ലഭിച്ച സീറ്റില്‍ സ്ഥാപനത്തില്‍ ചേർന്നില്ലെങ്കിൽ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുക്കാനുമാവില്ല. ആദ്യ മുന്‍ റൗണ്ടുകളില്‍ ഒന്നിലും സീറ്റ് ലഭിക്കാത്തവരോ, ആദ്യ രണ്ട് റൗണ്ടിലും ലഭിച്ച സീറ്റില്‍ ജോയിന്‍ ചെയ്യാത്തവരോ ആയവർക്ക് നാലാം ഘട്ട സ്ട്രേ വേക്കന്‍സി റൗണ്ടിൽ അലോട്ട്മെന്റില്‍ പങ്കെടുക്കാം. ഈ ഘട്ടത്തില്‍ ലഭിച്ച കോളജില്‍ ചേർന്നില്ലെങ്കിൽ ഫീസ് നഷ്ടപ്പെടുകയും അടുത്ത ഒരു വര്‍ഷം നീറ്റ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം സംസ്ഥാന, അഖിലേന്ത്യാ ക്വോട്ട സീറ്റുകള്‍ക്ക് വേണ്ടി കീം, നീറ്റ് അലോട്ട്മെന്റുകളില്‍ പങ്കെടുക്കാന്‍.
റാങ്ക് അനുസരിച്ച് ഏതെങ്കിലും ഒരു അലോട്ട്മെന്റ് നടപടിക്ക് മുന്‍ഗണന നല്‍കുന്നതാണ് ഉത്തമം. മുവര്ഷങ്ങളിലെ റാങ്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം ഏത് റാങ്ക് വരെ പ്രവേശനം ലഭിക്കും എന്നൊരു ധാരണ കിട്ടും. ഒരു താരതമ്യ പട്ടിക ഇവിടെ കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആദ്യഘട്ട അലോട്ട്മെന്റുകള്‍ തമ്മില്‍ 2000 റാങ്കിന്റെ വ്യത്യാസം കാണാം. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ ആദ്യ ഘട്ട അലോട്ട്മെന്റില്‍ അവസാന റാങ്ക് 21,000 - 21,500 ആയി വരാന്‍ ആണ് സാധ്യത. കഴിഞ്ഞ രണ്ട് വര്‍ഷത്തെ രണ്ടാം ഘട്ട അലോട്ട്മെന്റുകള്‍ തമ്മിലും 2000 റാങ്കുകളുടെ വ്യത്യാസമാണുള്ളത്. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം ഘട്ട അലോട്ട്മെന്റിലെ ജനറല്‍ മെറിറ്റ് റാങ്ക് 22,104 ആയിരുന്നത് ഒരു പക്ഷേ ഈ വര്‍ഷം രണ്ടാം അലോട്ട്മെന്റില്‍ 23,500 - 24,000 റാങ്കില്‍ വന്നു അവസാനിക്കാം. എന്നാല്‍ മൂന്നാം ഘട്ടവും തുടര്‍ന്നുള്ള വിവിധ ഘട്ടങ്ങളിലെ അലോട്ട്മെന്റുകളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഇല്ല.
ജനറല്‍, ഒ.ബി.സി മെറിറ്റ് പ്രവേശനത്തിൽ 500 - 700 റാങ്കുകള്‍ മാത്രമേ വ്യത്യാസമുള്ളു. അതിനാല്‍ ഈ പ്രാവശ്യം അവസാന റാങ്ക് മിക്കവാറും 24,500 - 25,000ത്തിനും ഇടക്ക് മാത്രമോ അല്പം കൂടുതലോ ആയി വന്നേക്കാം. നീറ്റ് പരീക്ഷയില്‍ ഒരുപാട് ക്രമക്കേടുകള്‍ നടന്നിരിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നതിനാലും മാര്‍ക്കും റാങ്കും തമ്മിലെ ഭീമമായ അന്തരം ഈ പ്രാവശ്യം പ്രകടമാണ് എന്നതിനാലും അവസാന റാങ്ക് 23500 - 24000 - 24500ല്‍ ഒക്കെ വന്നു അവസാനിക്കുമോ എന്ന ആശങ്കയുമുണ്ട്. എന്തായാലും കൃത്യമായും സൂക്ഷ്മമായും ഓപ്ഷനുകള്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ ഒരു കരിയര്‍ വിദഗ്ധന്റെ സേവനം തേടുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.