കൊച്ചി: 2024-25 അധ്യയന വർഷത്തെ മികച്ച വിദ്യാലയങ്ങൾക്ക് പി.എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ‘സാമൂഹിക ഉൾചേർക്കൽ’ എന്നതാണ് അവാർഡിന്റെ മുഖ്യ പ്രമേയം.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹികനീതിയും അവസര സമത്വവും ഉറപ്പുവരുന്നതുമായ കാമ്പസ് സംസ്കാരവും സംവിധാനവും ഉള്ളതാകണം സ്ഥാപനം. സമൂഹത്തിലെ പാർശ്വവത്കൃതരെയും പഠന വൈകല്യമുള്ളവരെയും മുഖ്യധാരയിൽ എത്തിക്കാൻ വൈവിധ്യമാർന്ന ഇടപെടലുകളും നടപടികളും സ്വീകരിച്ചിരിക്കണം.
ഭിന്നശേഷിക്കാർ, അനാഥർ, അഗതികൾ എന്നിവർ ഉൾപ്പെടെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലുള്ളവരെ ജാതി, മത, ലിംഗ വിവേചനമില്ലാതെ ഉൾക്കൊള്ളുന്നതിനും സ്ഥാപനത്തിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഫലപ്രദവും സ്ഥായിയായതുമായ രീതികൾ അവലംബിച്ച സ്ഥാപനമാകണം. ജൂറി തെരഞ്ഞെടുക്കുന്ന സ്കൂളുകൾ അവരുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന ദൃശ്യാവതരണം ഉൾപ്പെടെ സമിതി മുമ്പാകെ നടത്തേണ്ടതും തുടർന്ന് ചുരുക്കപ്പട്ടികയിൽ വന്ന സ്കൂളുകൾ വിദഗ്ധ സമിതി സന്ദർശിക്കുകയും ചെയ്യും.
ഈ സ്കൂളുകളിൽനിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്ന ക്രമത്തിൽ കാഷ് അവാർഡും ഫലകവും നൽകും. ‘സാമൂഹിക ഉൾച്ചേർക്കൽ’ എന്ന പ്രമേയത്തിന്റെ പരിധിയിൽ വരുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് സെൽഫ് അസസ്മെന്റ് റിപ്പോർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.pmfonline.org. അവസാന തീയതി സെപ്തംബർ 30.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.