തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങ ൾ തുടങ്ങി. മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് യോഗ്യരായവർക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in വെബ്സൈറ്റിൽ ആഗസ്റ്റ് 26ന് രാത്രി 11.59 വരെ ലഭ്യമാകും. 27ന് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റും, 29ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ്റ് ലഭിച്ചവർക്ക് കോളജിൽ പ്രവേശനം നേടാനുള്ള സമയം ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ചു വൈകിട്ട് നാല് വരെ.
പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്ക്കേണ്ട തുക ഓൺലൈൻ വഴിയോ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടച്ച ശേഷമാണ് വിദ്യാർഥികൾ കോളജുകളിലെത്തി പ്രവേശനം നേടേണ്ടത്. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് അധികാരികൾ ഓൺലൈൻ വഴി സമർപ്പിക്കണം.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സ് പ്രവേശനത്തിനായി 5000 രൂപ പ്രവേശന പരീക്ഷാ കമീഷണർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി അടയ്ക്കണം. ഈ തുക പ്രവേശനം നേടുന്ന കോഴ്സിന്റെ ട്യൂഷൻ ഫീസിൽ വകയിരുത്തും. ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായവർ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി 500 രൂപ അടയ്ക്കണം. ഇവർക്ക് പ്രവേശനം ലഭിക്കുന്ന കോഴ്സിന്റെ ക്വോഷൻ ഡെപ്പോസിറ്റിൽ ഈ തുക കുറവ് ചെയ്യും. അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും.
എം.ബി.ബി.എസ് /ബി.ഡി.എസ് കോഴ്സിന് സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളജുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ച തുക പ്രവേശന പരീക്ഷാ കമീഷണറുടെ പേരിൽ ഒടുക്കിയ ശേഷം അലോട്ട്മെൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. ഗവ. മെഡിക്കൽ/ഡെന്റൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ മുഴുവൻ ഫീസ് തുകയും പ്രവേശന പരീക്ഷാ കമീഷണറുടെ പേരിൽ അടയ്ക്കണം. ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.