തിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട, കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ/എയിംസ്/ ജിപ്മെർ ഉൾപ്പെടെ സ്ഥാപനങ്ങളിലേക്കുള്ള കേന്ദ്ര കൗൺസലിങ് നടപടികൾക്കുള്ള സമയക്രമം പ്രസിദ്ധീകരിച്ചു. ഒന്നാം റൗണ്ട് അലോട്ട്മെന്റിനുള്ള രജിസ്ട്രേഷനും ഫീസടക്കലും ജൂലൈ 20 മുതൽ 25ന് ഉച്ചക്ക് 12വരെ നടത്താം.
ഫീസടക്കാൻ 25ന് രാത്രി എട്ട് വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ 22 മുതൽ 26ന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ് നടത്താം.
26ന് വൈകീട്ട് മൂന്ന് മുതൽ ചോയ്സ് ലോക്കിങ് നടത്താം. ജൂലൈ 29ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷകർ 30ന് രേഖകൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി)യുടെ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ പ്രവേശനത്തിന് ഹാജരാകാം.
മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ https://mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ് കൗൺസലിങ് നടപടികളിൽ പങ്കെടുക്കേണ്ടത്. ആഗസ്റ്റ് ഒമ്പത് മുതൽ 14ന് ഉച്ചക്ക് രണ്ട് വരെ രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷനും 14ന് രാത്രി എട്ട് വരെ ഫീസടക്കാനും സൗകര്യമുണ്ടാകും. ആഗസ്റ്റ് പത്ത് മുതൽ 15 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. ആഗസ്റ്റ് 18ന് രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
19ന് അപേക്ഷകർക്ക് രേഖകൾ അപ്ലോഡ് ചെയ്യാം. ആഗസ്റ്റ് 20 മുതൽ 28 വരെ പ്രവേശനം നേടാം.
ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെ മൂന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷനും ഫീസടക്കലും നടത്താം. സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. സെപ്റ്റംബർ എട്ടിന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒമ്പതിന് രേഖകൾ അപ്ലോഡ് ചെയ്യാം. സെപ്റ്റംബർ പത്ത് മുതൽ 18 വരെ പ്രവേശനം നേടാം.
മൂന്ന് റൗണ്ടിന് ശേഷവും ഒഴിവുള്ള സീറ്റുകൾ തുടർന്നുള്ള സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലൂടെ നികത്തും. ഇതിനായി സെപ്റ്റംബർ 21 മുതൽ 23 വരെ രജിസ്ട്രേഷനും ഫീസടക്കലും നടത്താം.
22 മുതൽ 24 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. സെപ്റ്റംബർ 26ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 27 മുതൽ 30 വരെ പ്രവേശനം നേടാം.
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള സമയക്രമം പ്രസിദ്ധീകരിച്ചതോടെ കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ നടപടികൾ തുടങ്ങി. ഈ മാസം 20നകം പട്ടിക പ്രസിദ്ധീകരിക്കും. നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയിട്ടും കേരളത്തിൽ അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു.
ഇവർക്ക് രേഖകൾ പരിശോധിക്കാനും പിഴവുകൾ തിരുത്താനും നീറ്റ് സ്കോർ സമർപ്പിക്കാനുമായി രണ്ട് ദിവസം സമയം അനുവദിക്കും. ഇതിന് പിന്നാലെ നീറ്റ് റാങ്ക് പട്ടികയിൽ ഉൾപ്പെടുകയും കേരളത്തിൽ പ്രവേശനത്തിനായി പ്രവേശനപരീക്ഷ കമീഷണർക്ക് അപേക്ഷിക്കുകയും ചെയ്തവരെ ഉൾപ്പെടുത്തി സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽനിന്നാണ് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്തുക.
സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെടാനായി ഇതുവരെ 40000ത്തോളം പേരാണ് നീറ്റ് സ്കോർ സമർപ്പിച്ചത്. അഖിലേന്ത്യാ ക്വോട്ട പ്രവേശന സമയക്രമത്തിനനുസൃതമായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നിർദേശിക്കുന്ന രീതിയിൽ സംസ്ഥാന കൗൺസലിങ് സമയക്രമവും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.