തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിൽ പ്രവേശനത്തിന് മോപ്-അപ് (തത്സമയ) കൗൺസലിങ് നിർത്തിവെക്കുകയും വീണ്ടും നടത്തേണ്ടിവരികയും ചെയ്തതോടെ വലഞ്ഞത് പ്രവേശനം ആഗ്രഹിച്ച ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും. പ്രവേശന നടപടി റാങ്കിെൻറ അടിസ്ഥാനത്തില്‍ ആദ്യംമുതല്‍ തുടങ്ങണമെന്ന് ഒരുവിഭാഗവും കോടതിവിധി വന്നശേഷം മതിയെന്ന് മറ്റൊരുവിഭാഗം രക്ഷിതാക്കളും മുന്നോട്ടുവന്നത് പ്രതിഷേധത്തിനും കാരണമായി.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) ഹരജിയിൽ സുപ്രീംകോടതി ഇടപെടലുണ്ടായതോടെയാണ് കഴിഞ്ഞ നാല്, അഞ്ച് തീയതികളിൽ പൂർത്തിയാക്കേണ്ടിയിരുന്ന തത്സമയ പ്രവേശനനടപടികൾ വീണ്ടും നടത്തേണ്ടിവന്നത്. ശനിയാഴ്ച രാവിലെ പുനരാരംഭിച്ചപ്പോൾ കഴിഞ്ഞതവണ കൗൺസലിങ്ങിനെത്തിയ 8000 വിദ്യാർഥികളിൽ 109 പേരൊഴികെ മുഴുവൻ പേരും വീണ്ടും എത്തേണ്ടിവന്നു. ഇത് വിദൂര ജില്ലകളിലുള്ളവർക്കുണ്ടാക്കിയ ദുരിതം ചെറുതല്ല. വയനാട് ജില്ലകളിൽനിന്നുള്ളവർക്ക് ഞായറാഴ്ച കൗൺസലിങ് നടപടികൾ അവസാനിച്ചശേഷം മടങ്ങിയാൽതന്നെ തിങ്കളാഴ്ച ഹർത്താലിന് മുമ്പ് വീട്ടിലെത്താനാവില്ല. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളുടെ മലയോരങ്ങളിൽനിന്ന് വന്നവർക്കും സമാനഅവസ്ഥയാണ്.
പ്രവേശന പരീക്ഷ കമീഷണറേറ്റിനും ഉറക്കമില്ലാരാത്രികളായിരുന്നു. പ്രളയ കെടുതികളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രവേശനനടപടി പൂർത്തിയാക്കാൻ നൽകിയിരിക്കുന്ന അവസാനതീയതി 10 ആണ്. ഇതിനകം സ്റ്റേ ഉത്തരവുള്ള നാല് കോളജിലെ ഒഴികെ മുഴുവൻ കോളജുകളിലെയും പ്രവേശന നടപടികൾ പൂർത്തിയാക്കണം. സുപ്രീംകോടതി ഉത്തരവ് വന്നശേഷം ഇനി കൗൺസലിങ് മതിയെന്ന് ആവശ്യപ്പെട്ട് ചിലർ ബഹളംവെച്ചു. ഓപ്ഷൻ അടിസ്ഥാനത്തിൽ പ്രവേശനം വേണ്ട, റാങ്ക് അടിസ്ഥാനത്തിൽ മതിയെന്ന് വാദിച്ച് മറ്റൊരുവിഭാഗവും രംഗത്തുവന്നു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
എന്നാൽ നിലവിൽ പ്രവേശന അനുമതിയുള്ള സ്വാശ്രയ കോളജുകളിലെ 150 സീറ്റുകളിൽ ആദ്യ തത്സമയ കൗൺസലിങ്ങിൽ പ്രവേശനം ലഭിച്ച കുട്ടികളാണ് ഏറെ പ്രതിസന്ധിയിലായത്. നാല് കോളജുകളിലെ 550 സീറ്റുകളിൽ ഇവരേക്കാൾ ഉയർന്ന റാങ്കുകാർ ഓപ്ഷൻ നൽകിയതിനാലാണ് ഇവർക്ക് മറ്റ് കോളജുകളിലെ ഒഴിവുകളിൽ പ്രവേശനം ലഭിച്ചത്. എന്നാൽ നാല് കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്തതോടെ അവിടങ്ങളിൽ ഓപ്ഷൻ നൽകിയ ഉയർന്ന റാങ്കുകാർക്ക് മറ്റ് കോളജുകളിൽ മുമ്പ് ലഭിക്കുമായിരുന്ന എം.ബി.ബി.എസ് സീറ്റുകൾ നൽകേണ്ടിവരും. ഇതോടെ ആദ്യ കൗൺസലിങ്ങിൽ പ്രവേശനംനേടി ഒരു ദിവസം ക്ലാസിലിരിക്കുകയും ചെയ്ത കുട്ടികൾ ത്രിശങ്കുവിലായി. ഇവരിൽ പലർക്കും പ്രവേശനം അസാധ്യമാകുകയും ചെയ്യും.
ഈ കുട്ടികളും രണ്ടാം കൗൺസലിങ്ങിന് പങ്കെടുക്കേണ്ടിവന്നു. നാല് കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളിലേക്ക് മാറിയ കുട്ടികൾക്ക് നേരത്തേ ഉപേക്ഷിച്ച ബി.ഡി.എസ് സീറ്റുകൾ തിരികെ ലഭിക്കണമെങ്കിലും കൗൺസലിങ്ങിന് ഹാജരാകേണ്ടിയിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദഗതികളും തുടർച്ചയായ കോടതി ഇടപെടലുകളുമൊക്കെയായതോടെ മെഡിക്കൽ മോഹം ഉപേക്ഷിച്ച് രണ്ടാം കൗൺസലിങ്ങിന് എത്താത്തവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.