ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കായി പ്രാദേശിക ഭാഷകളിൽ പല തരത്തിലുള്ള ചോദ്യങ്ങൾ തയാറാക്കുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. പൊതു ചോദ്യപേപ്പർ പ്രാദേശിക ഭാഷകളിലും മതിയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
പൊതു ചോദ്യപേപ്പർ അല്ലാത്തതിനാൽ നീറ്റ് പരീക്ഷ എഴുതുന്ന 11.35 ലക്ഷം വിദ്യാർഥികളിൽ 6.11 ലക്ഷം പേർക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ തയാറാക്കുന്ന ചോദ്യങ്ങളേക്കാൾ കടുപ്പമേറിയതാണ് പ്രാദേശിക ഭാഷകളിലുള്ള ചോദ്യങ്ങളെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമുള്ളത്.
നീറ്റ്-2017 പരീക്ഷയിൽ ഉർദു ഭാഷ ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് കേന്ദ്രം, മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ, ഡെന്‍റൽ കൗൺസിൽ ഒാഫ് ഇന്ത്യ, സി.ബി.എസ്.ഇ എന്നിവയുടെ നിലപാട് തേടി. എന്നാൽ, ഇൗ വർഷത്തെ പരീക്ഷ പൂർത്തിയായെന്നും അടുത്ത വർഷം മുതൽ നീറ്റ് പ്രവേശന പരീക്ഷയിൽ ഉർദു ഭാഷയും ഉൾപെടുത്താമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് നീറ്റ പരീക്ഷ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.