നീറ്റ്-യു.ജി: കേരളത്തിൽനിന്ന് യോഗ്യത നേടിയവരുടെ എണ്ണം കൂടി

തിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷയിൽ കേരളത്തിൽനിന്ന് യോഗ്യത നേടിയവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4630 പേർ ഇത്തവണ കൂടുതലായി യോഗ്യത നേടി. കഴിഞ്ഞ വർഷം കേരളത്തിൽനിന്ന് 92,911 പേർ പരീക്ഷയെഴുതിയതിൽ 59,404 പേരാണ് യോഗ്യത നേടിയത്. ഇത്തവണ 1,16,395 പേർ പരീക്ഷയെഴുതിയതിൽ 64,034 പേർ യോഗ്യത നേടി. ദേശീയതലത്തിൽ ആദ്യ നൂറ് റാങ്കിൽ കേരളത്തിൽനിന്ന് നാലുപേർ ഇടംപിടിച്ചു.

മലപ്പുറം തവനൂർ സ്വദേശിനി പി. നന്ദിത 720ൽ 701 മാർക്ക് നേടി ദേശീയതലത്തിൽ 47ാം റാങ്ക് നേട്ടത്തോടെ കേരളത്തിലെ ഒന്നാം റാങ്കുകാരിയായി. 700 മാർക്കോടെ ദേശീയതലത്തിൽ 79ാം റാങ്ക് നേടിയ കോഴിക്കോട് ചാലപ്പുറം സ്വദേശി സിദ്ധാർഥ് എം. നായർ സംസ്ഥാനത്തെ രണ്ടാം റാങ്കുകാരനായി. 700 മാർക്കോടെ 88ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി എം.എസ്. നിധിൻ കൃഷ്ണൻ കേരളത്തിൽ മൂന്നാം റാങ്കിലുമെത്തി.

കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രകടനം മോശമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയവരുടെ എണ്ണം വർധിച്ചതിനനുസൃതമായി യോഗ്യത നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. കേരളത്തിൽ നീറ്റ് പരീക്ഷയെഴുതി യോഗ്യത നേടുകയും പ്രവേശന നടപടികളിൽ പങ്കെടുക്കാനായി പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകുകയും ചെയ്ത വിദ്യാർഥികളെ നീറ്റ് സ്കോർ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി സംസ്ഥാന റാങ്ക് പട്ടിക തയാറാക്കും. മൂന്നാഴ്ചക്കകം റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമീഷണർ തയാറാക്കി പ്രസിദ്ധീകരിക്കും. ഇതിനായി വിദ്യാർഥികൾ നീറ്റ് സ്കോർ സമർപ്പിക്കേണ്ടിവരും. ഇതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെയായിരിക്കും പ്രവേശന സാധ്യത സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.

അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം വർധിച്ചാൽ കേരളത്തിൽനിന്ന് മെഡിക്കൽ സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാകും. കേരള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാകും കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും കേരള റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്‍റ് നടത്തും. ഡെന്‍റൽ, ആയുർവേദ, ഹോമിയോ, യൂനാനി, സിദ്ധ, വെറ്ററിനറി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് ഉൾപ്പെടെ കോഴ്സുകളിലേക്കും ഇതേ റാങ്ക് പട്ടികയിൽ നിന്നായിരിക്കും പ്രവേശനം. കേരളത്തിലെ ഉൾപ്പെടെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, എയിംസ്, ജിപ്മെർ, കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കൽ സീറ്റുകളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വഴിയാണ് പ്രവേശനം. ഈ സീറ്റുകളിലെ പ്രവേശനത്തിന് വിദ്യാർഥികൾ www.mcc.nic.in വെബ്സൈറ്റ് വഴിയാണ് പ്രവേശന നടപടികളിൽ പങ്കെടുക്കേണ്ടത്. ഇതിനുള്ള വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. ഒരേസമയം, സംസ്ഥാനത്തെ പ്രവേശന നടപടികളിലും അഖിലേന്ത്യ ക്വോട്ട പ്രവേശന നടപടികളിലും വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഇതിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിക്കും.

Tags:    
News Summary - NEET-UG: The number of qualified candidates from Kerala has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.