മലപ്പുറം: അധ്യയന വർഷം തുടങ്ങി രണ്ടു മാസം പിന്നിട്ടിട്ടും ആരോഗ്യ-കായിക വിദ്യാഭ്യാസ പാഠപുസ്തകങ്ങൾ എത്തിയില്ല. സ്കൂളുകളിൽ ആഗസ്റ്റ് 21ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അഞ്ച് മുതൽ എട്ടു വരെ ക്ലാസുകളിലെ പുസ്തകങ്ങളാണ് ലഭിക്കാത്തത്. ചരിത്രത്തിലാദ്യമായി ജൂണിന് മുമ്പ് മുഴുവൻ പാഠപുസ്തകങ്ങളും വിതരണം ചെയ്തെന്ന സർക്കാർ അവകാശവാദമാണ് ഇതോടെ പൊളിയുന്നത്. ആരോഗ്യ-കായിക വിദ്യാഭ്യാസ ആക്റ്റിവിറ്റി ബുക്ക് എന്നറിയപ്പെടുന്ന ഇവ ഇനിയും അച്ചടിച്ചിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് പാഠപുസ്തകവും പരീക്ഷയും ഏർപ്പെടുത്തിയത്. തുടക്കത്തിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിലും കഴിഞ്ഞ വർഷം ഒമ്പത്, പത്ത് ക്ലാസുകളിലും ഇതുൾപ്പെടുത്തി. ഒമ്പതിലെയും പത്തിലെയും ബുക്ക് വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് വില കൊടുത്താണ് വാങ്ങുന്നത്. പ്രാഥമിക വിദ്യാഭ്യാസം നിയമം മൂലം നിർബന്ധമാക്കിയതിെൻറ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ സൗജന്യമാണ്.
അധ്യാപകർക്ക് പരീക്ഷ മൂല്യനിർണയം സംബന്ധിച്ച പരിശീലന ക്ലാസുകൾ ആരംഭിക്കാനിരിക്കുകയാണ്. പാഠപുസ്തകത്തെ ആസ്പദമാക്കിയായിരിക്കും ആരോഗ്യ-കായിക പരീക്ഷ. എങ്ങനെ പഠിപ്പിക്കുമെന്ന് അധ്യാപകർക്കും എന്തെഴുതുമെന്ന് വിദ്യാർഥികൾക്കും പിടിയില്ല. വിഷയം വിദ്യാഭ്യാസ മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കായികാധ്യാപകർ പറയുന്നു. പാഠ്യപദ്ധതിയിൽ നിന്ന് ആരോഗ്യ-കായിക വിദ്യാഭ്യാസം ഒഴിവാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് സർക്കാർ അലംഭാവമെന്ന് സംശയിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.