കായംകുളം: ഓണാട്ടുകരയുടെ കാർഷിക പുരോഗതി ലക്ഷ്യമാക്കി എട്ടര പതിറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രം അക്കാദമിക് രംഗത്ത് പുതിയ കാൽവെപ്പിലേക്ക്. ‘കാമ്പസായി’ പുതിയ രൂപത്തിലേക്ക് മാറുന്ന ഗവേഷണ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസസ് കോഴ്സിലൂടെയാണ് വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നത്. കരയും വയലും വിവിധ വിളകളാൽ സമ്പന്നമായ കൃഷിഭൂമിയിലെ പ്രായോഗിക പാഠങ്ങളിലൂടെ കാർഷികരംഗത്ത് പുതിയ സാധ്യതകളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
സുസജ്ജമായ മണ്ണ് പരിശോധന ലബോറട്ടറി, അഗ്രോണമി ലാബ്, ടിഷ്യുകൾചർ ലാബ്, ബയോകൺട്രോൾ ലാബ്, പ്ലാന്റ് ബ്രീഡിങ് ലാബ്, കൂൺ ഉൽപാദന ലാബ്, കൂൺ വിത്ത് ഉൽപാദന കേന്ദ്രം, പരിചയസമ്പന്നരായ ശാസ്ത്രജ്ഞർ, ഫാം ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയ സുസജ്ജമായ സംവിധാനമാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 71,059 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര പ്രദേശം സാംസ്കാരികത്തനിമയാലും കാർഷിക പാരമ്പര്യത്താലും വിദ്യാർഥികൾക്ക് പുതിയ അനുഭവം പകരാൻ കഴിയുന്നതാണ്.
പ്രദേശത്തെ മുഖ്യ കാർഷിക വിളകളായ നെല്ലിന്റെയും തെങ്ങിന്റെയും സമഗ്ര പരോഗതി ലക്ഷ്യമാക്കി 1937ൽ തിരുവിതാംകൂർ സർവകലാശാലയുടെ കീഴിലാണ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. 1958ൽ കൃഷി വകുപ്പ് ഏറ്റെടുത്തതോടെ നെല്ല് ഗവേഷണ കേന്ദ്രമായി ഇതിനെ പരിവർത്തിപ്പിച്ചു. 1972 മുതലാണ് കേരള കാർഷിക സർവകലാശാലയുടെ ഭാഗമായി ഗവേഷണ കേന്ദ്രമായി ഉയർത്തുന്നത്. 11 ഹെക്ടറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ 9.3 ഹെക്ടർ ഭാഗം നിലമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാറുടെയും ഇതര ഏജൻസികളുടെയും സഹകരണത്തോടെയുള്ള നിരവധി ഗവേഷണ പദ്ധതികൾ ഇവിടെ നടന്നുരുന്നു. നടീൽവസ്തുക്കൾ, സൂക്ഷ്മ മൂലക മിശ്രിതങ്ങൾ, ജൈവവളക്കൂട്ടുകൾ, മിത്രബാക്ടീരിയകൾ, മിത്രകുമിളുകൾ തുടങ്ങിയ 50ഓളം ഉൽപന്നങ്ങൾ ഇവിടെനിന്ന് പുറത്തിറങ്ങുന്നു.
നെല്ല്, എള്ള്, പയർവർഗം, മരിച്ചീനി എന്നീ വിളകളുടെ അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചിട്ടുണ്ട്. ഭാഗ്യ, ഓണം, ചിങ്ങം, ലക്ഷ്മി, ധനു, ധന്യ, മകരം, കുംഭം, തുലാം, സാഗര, അമൃത എന്നിങ്ങനെ 11 നെല്ലിനങ്ങൾ കാർഷിക മേഖലയുടെ പുരോഗതിക്ക് മുതൽക്കൂട്ടായി മാറിയിരുന്നു. കായംകുളം-1, തിലക്, തിലതാര, തിലറാണി എന്നീ എള്ള് ഇനങ്ങളും ശ്രേയ, ഹൃദ്യ എന്നീ പയർ ഇനങ്ങളും നിധി മരച്ചീനിയും ഗവേഷണ നേട്ടങ്ങളാണ്.
വിളപരിപാലനം, സസ്യസംരക്ഷണം, മണ്ണിന്റെ സുസ്ഥിര ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലും നിരവധി സാങ്കേതികവിദ്യകൾ രൂപപ്പെടുത്തിയിരുന്നു. ഓണാട്ടുകരയിലെ മുഖ്യവും പഴക്കമേറിയതുമായ വിളയായ എള്ളിന് ഭൗമസൂചിക പദവി ലഭിച്ചതും ഇവിടത്തെ നേട്ടമണ്. ഇതിൽ ഇവിടെനിന്ന് ഇറങ്ങിയ നാല് എള്ള് ഇനങ്ങളും ഉൾപ്പെടുന്നുണ്ട്.
തുടക്കത്തിൽ 25 വിദ്യാർഥികൾക്ക് പ്രവേശനം
നാല് സെമസ്റ്ററിലായി രണ്ട് വർഷ കോഴ്സിലേക്ക് തുടക്കത്തിൽ 25 വിദ്യാർഥികൾക്കാണ് പ്രവേശനം. പഠിതാക്കളെ പ്രഫഷനലുകളാക്കി മാറ്റുന്ന തരത്തിലാണ് പഠനരീതി. കാർഷിക സാംസ്കാരത്തെ തൊട്ടറിയാനും വിവിധ ഭൂപ്രദേശങ്ങളുടെ സവിശേഷതകൾ നേരിൽ മനസ്സിലാക്കാൻ സാധിക്കുന്ന പഠനയാത്രകളുമുണ്ടാകും. മികവ് കാട്ടുന്ന കർഷകരുമായും സംരംഭകരുമായുള്ള സംവാദങ്ങൾ അക്കാദമിക് കരിക്കുലത്തിന്റെ പ്രത്യേകതയായി എടുത്തുകാട്ടുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അഗ്രികൾചർ എന്നിവ ഐച്ഛിക വിഷയമാക്കി 50 ശതമാനം മാർക്കോടുകൂടി ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു, വി.എച്ച്.എസ്.ഇ കോഴ്സുകൾ വിജയിച്ചവർക്കാണ് പ്രവേശനം.
കൃഷിയുടെ അനുബന്ധ ശാസ്ത്രങ്ങളായ വിള പരിപാലനം, സോയിൽ സയൻസ്, സസ്യപ്രജനശാസ്ത്രം, ഹോർട്ടികൾചർ, സസ്യകീടശാസ്ത്രം, സസ്യരോഗശാസ്ത്രം, വിജ്ഞാനവ്യാപനം, കൃഷി സാമ്പത്തികശാസ്ത്രം, മാർക്കറ്റിങ്, ഹോം സയൻസ് എന്നിവക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ അനാലിസിസ്, ഫാം മാനേജ്മെന്റ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, ബയോ ഇൻഫർമാറ്റിക്സ് എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴ്സിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.