തിരുവനന്തപുരം: കേരളത്തിലെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2021 വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 'confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ കാൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം 8.3.2022 മുതൽ 11.03.2022 രാവിലെ 10 വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
11 ന് രാവിലെ 10 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് 14ന് വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ബാക്കി തുക (ബാധകമെങ്കിൽ) 15ന് വൈകീട്ട് നാല് മുതൽ 19ന് ഉച്ചക്ക് രണ്ടുവരെ തീയതികളിൽ ഓൺലൈൻ പേമെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കണം. ഫീസ് ബാക്കി തുക അടച്ചതിനുശേഷം വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജിൽ 16 മുതൽ 19 ന് ഉച്ചക്ക് രണ്ടിന് മുമ്പ് ഹാജരായി പ്രവേശനം നേടണം.
പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.