തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപക (എച്ച്.എം) സ്ഥാനക്കയറ്റത്തിൽ 50 വയസ്സ് പൂർത്തിയാക്കിയവരെ വകുപ്പ് ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവാക്കിയ കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതി തുടരുന്നതിന് നിയമതടസ്സമില്ലെന്നും ഇതിനനുസൃതമായി സ്ഥാനക്കയറ്റത്തിന് അംഗീകാരം നൽകാനും സർക്കാർ ഉത്തരവ്. താൽക്കാലിക സ്ഥാനക്കയറ്റങ്ങളിൽ ഇതിനകം അംഗീകരിച്ചവ പുനഃപരിശോധിച്ച് സ്ഥിരമാക്കി അംഗീകരിക്കാനും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ നിർദേശിച്ചു.
കോടതി സ്റ്റേ നിലവിലുള്ള കേസുകളിൽ അവ നീങ്ങുന്നതിന് അനുസൃതമായി നിർദേശം നടപ്പാക്കാം. അപ്പലേറ്റ്/റിവിഷനൽ അതോറിറ്റി തലത്തിൽ പരിഗണനയിലിരിക്കുന്ന കേസുകൾ അവയുടെ ഉത്തരവ് കൂടാതെ പുതിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫിസർമാർ തീർപ്പാക്കണം. കെ.ഇ.ആർ പ്രകാരം എയ്ഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപക സ്ഥാനക്കയറ്റ നിയമനത്തിന് 50 വയസ്സ് പൂർത്തിയായവരെ ടെസ്റ്റ് യോഗ്യതയിൽനിന്ന് സ്ഥിരമായി ഒഴിവാക്കിയിരുന്നു. എന്നാൽ 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം 2011ൽ കേരളത്തിൽ നടപ്പാക്കിയപ്പോൾ പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിനുള്ള ടെസ്റ്റ് ഇളവ് ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ ടെസ്റ്റ് പാസാകൽ നിർബന്ധമായി. 50 വയസ്സ് പൂർത്തിയായവർക്ക് വേണ്ടി പിന്നീട് ചട്ടത്തിൽ ഭേദഗതി വരുത്തി.
കോടതികളിലെ അന്തിമവിധിക്ക് വിധേയമായി എയ്ഡഡ് പ്രൈമറി പ്രഥമാധ്യാപക സ്ഥാനക്കയറ്റം നടത്താൻ സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. എന്നിട്ടും 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് പ്രഥമാധ്യാപകരായി നൽകിയ സ്ഥാനക്കയറ്റത്തിന് നിയമനാംഗീകാരം നൽകുന്നതിൽ അവ്യക്തത തുടർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.