തൃശൂർ: പ്ലസ് വൺ ഏകജാലക പ്രവേശനം തുടങ്ങി. ജില്ലയിൽ ആദ്യദിനം 5660 പേർ പ്രവേശനം നേടി. ഒന്നാം അലോട്ട്മെൻറ് വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് പത്തുവരെ ഒന്നാം അലോട്ടുമെൻറിൽ പ്രവേശനം നേടാം. പ്രവേശനത്തിന് വരുന്നവർ രണ്ടു പേജുള്ള അലോട്ട്മെൻറ് ലെറ്ററിന്‍റെ പ്രിൻറുമായി വരണം. പ്രവേശന തീയതിയും സമയവും ലെറ്ററിലുണ്ടാവും. ഇതനുസരിച്ച് ആറ്, ഒമ്പത്, പത്ത് തീയതികളിൽ നടക്കുന്ന പ്രവേശനത്തിന് സമയക്രമം പാലിച്ചുകൊണ്ട് വിദ്യാർഥികൾ രക്ഷിതാക്കളുമായി ഹാജരാവണം.
നിശ്ചയിച്ച തീയതിയിൽ എത്താനായില്ലെങ്കിൽ സ്കൂളിൽ അറിയിക്കണം. അലോട്ട്മെന്‍റ് ലെറ്ററിന്‍റെ പേജ് രണ്ട് പൂരിപ്പിച്ച് രക്ഷാകർത്താവും കുട്ടിയും ഒപ്പിടണം.
സ്ഥിരപ്രവേശനവും താൽക്കാലിക പ്രവേശനവുമുണ്ട്. ഒന്നാം ഓപ്ഷനിൽ പ്രവേശനം ലഭിച്ചവർ സ്ഥിരപ്രവേശനം തന്നെ എടുക്കണം. ഇഷ്ടമല്ലാത്ത ഓപ്ഷനിൽ പ്രവേശനം കിട്ടിയവർക്ക് വേണമെങ്കിൽ താൽക്കാലിക അഡ്മിഷൻ എടുത്ത് അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കാം. അല്ലെങ്കിൽ മുകളിലെ എല്ലാ സ്കൂളുകളും ഒഴിവാക്കി അവിടെ തന്നെ സ്ഥിരംപ്രവേശനം എടുക്കാം. ഇങ്ങനെ ആഗ്രഹിക്കുന്നവർ അപേക്ഷ പൂരിപ്പിച്ച് നൽകണം.
താൽക്കാലിക പ്രവേശനം എടുക്കുന്നവർ ഫീസ് അടക്കേണ്ട. സർട്ടിഫിക്കറ്റുകൾ നൽകണം. അടുത്ത അലോട്ട്മെൻറിന് ഇപ്പോൾ കിട്ടിയ സ്കൂളിന് മുകളിലുള്ള ഏത് സ്കൂൾ കിട്ടിയാലും അങ്ങോട്ട് പോകേണ്ടി വരും. അവസാന അലോട്ട്മെൻറിലും ഇഷ്ടപ്പെട്ട ഓപ്ഷൻ കിട്ടിയില്ലെങ്കിൽ ഫീസടച്ച് താൽക്കാലിക അഡ്മിഷൻ സ്ഥിരമാക്കേണ്ടി വരും. അങ്ങനെയുള്ളവർക്ക് ക്ലാസ് തുടങ്ങി രണ്ടുദിവസത്തിനകം സ്കൂൾ മാറ്റത്തിനും വിഷയമാറ്റത്തിനുമുള്ള അപേക്ഷ (ട്രാൻസ്ഫർ) പ്രവേശനം എടുത്ത സ്കൂളിലെ പ്രിൻസിപ്പലിന് നൽകണം. അപേക്ഷ അഡ്മിഷൻ സൈറ്റിൽനിന്ന് കിട്ടും. ട്രാൻസ്ഫർ കിട്ടുമെങ്കിൽ പുതിയ സ്കൂളിൽ ചേരാം. ഇതെല്ലാം ഓൺലൈൻ വഴിയാണ് ചെയ്യേണ്ടത്.
ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയില്ലാത്തവർക്ക് പ്രവേശനം ലഭിക്കില്ല. അസ്സൽ മാർക്ക് ലിസ്റ്റ് കിട്ടാത്ത സ്ഥിതിക്ക് പ്രിന്‍റൗട്ട് മതി. റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പ്, ഏതെങ്കിലും ബോണസ് പോയിൻറിന് ക്ലെയിം ചെയ്തവർ അതിന്‍റെ ഒറിജിനൽ എന്നിവ ഹാജരാക്കണം. പ്രശേവനം ജാതി സംവരണത്തിൽ ലഭിച്ചവർ അതിന്‍റെ രേഖ കരുതണം. എസ്.എസ്.എൽ.സിക്കാർക്ക് മറ്റ് ജാതി രേഖകൾ വേണ്ട. സി.ബി.എസ്.ഇക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് വേണം.
ഫോട്ടോ കൈയിൽ കരുതുന്നത് നല്ലതാണ്. വരുമാനം കുറഞ്ഞവർ സ്കോളർഷിപ്പിനും മറ്റുമായി വരുമാന സർട്ടിഫിക്കറ്റ് വാങ്ങിവെക്കണം. പ്രവേശനത്തിന് വരുമാന സർട്ടിഫിക്കറ്റ് വേണ്ട. പട്ടികജാതിക്കാർ വരുമാന സർട്ടിഫിക്കറ്റും തഹസിൽദാറിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് ആനുകൂല്യങ്ങൾക്കായി വാങ്ങണം. സ്കൂളിൽ കൊടുക്കുന്ന എല്ലാ രേഖകളുടെയും ആവശ്യമായ ഫോട്ടോ കോപ്പി എടുത്ത് വെക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തശേഷം അസ്സൽ സ്കൂളിൽ കൊടുക്കുന്നതാവും നല്ലത്. ആവശ്യമായ ഫോട്ടോ കോപ്പി എടുത്ത് അറ്റസ്റ്റ് ചെയ്തുവെക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്യരുത്.
ജില്ലയിൽ പ്ലസ്വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 38,865 കുട്ടികളാണ്. കേരള സിലബസിൽ എസ്.എസ്.എൽ.സി വിജയിച്ച 36,215 പേർ അപേക്ഷിച്ചു. 32,560 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിന്‍റെ 20 ശതമാനം സീറ്റ് കൂടി വർധിപ്പിച്ചതോടെ ആറായിരത്തിലധികം സീറ്റുകൾ കൂടി ഇക്കുറിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.