തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേർ അപേക്ഷിച്ചിരുന്നു. ഇതിൽ 2,18,413 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. ശേഷിക്കുന്നത് 52,718 സീറ്റാണ്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് ചേർത്താൽപോലും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സീറ്റുണ്ടാകില്ല. സീറ്റ് ക്ഷാമത്തിൽ മുൻവർഷത്തിെൻറ തനിയാവർത്തനം തന്നെയാണ് ഇത്തവണയുമെന്ന് വ്യക്തം. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാർഥികൾ ആദ്യ അലോട്ട്മെൻറിൽ പുറത്താണ്. അലോട്ട്മെൻറ് ലഭിച്ചവർ അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയ സമയത്ത് രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം സ്കൂളിൽ ഹാജരാകണം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രവേശനം ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചിന് അവസാനിക്കും. www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം. 'First Allot Result' എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് വിവരം പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിനിലെ 'First Allot Result' എന്ന ലിങ്കിൽനിന്ന് അലോട്ട്മെൻറ് ലെറ്റർ ലഭിക്കും.
ഒന്നാം ഒാപ്ഷൻ ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം
അലോട്ട്മെൻറ് ലെറ്ററിെൻറ ഒന്നാമത്തെ പേജിൽ, ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തെരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പുവെക്കണം. ആദ്യ അലോട്ട്മെൻറിൽ തന്നെ ഒന്നാം ഒാപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഫീസടക്കാം. മറ്റ് ഒാപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. ഇവർ ഫീസ് അടക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഒാപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻറിൽ ഇടം ലഭിക്കാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കണം. അപേക്ഷിച്ച എല്ലാ സ്കൂളുകളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ വിദ്യാർഥികൾക്ക് പരിശോധിക്കാം.
അപേക്ഷിക്കാൻ കഴിയാത്തവർക്ക് അവസരം
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം അലോട്ട്മെൻറിന് ശേഷം സപ്ലിമെൻററി അലോട്ട്മെൻറിന് പുതിയ അപേക്ഷ സമർപ്പിക്കാം. തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. അവസാന തീയതിക്ക് മുമ്പ് സ്കൂളിൽ ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് ഒാൺലൈനായി പ്രവേശനം നേടാം. ഇവർ കാൻഡിഡേറ്റ് ലോഗിനിലെ 'Online Joining' എന്ന ലിങ്കിലൂടെ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ (100 കെ.ബിയിൽ താഴെയുള്ള ഫയൽ) അപ്ലോഡ് ചെയ്യണം. സ്പോർട്സ് ക്വോട്ട അലോട്ട്മെൻറ് ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. സെപ്റ്റംബർ 25, 29 തീയതികളിൽ ആയിരിക്കും പ്രവേശനം.
ആകെ അപേക്ഷകർ, ലഭ്യമായ മെറിറ്റ് സീറ്റുകൾ,അലോട്ട്മെൻറ് ലഭിച്ചവർ, ഒഴിവ് എന്നിവ ജില്ല തിരിച്ച് ക്രമത്തിൽ:
തിരുവനന്തപുരം 35949 24687 21350 3337
കൊല്ലം 34644 18215 15750 2465
പത്തനംതിട്ട 14515 9625 7951 1674
ആലപ്പുഴ 26753 15420 12707 2713
കോട്ടയം 23689 13656 11328 2328
ഇടുക്കി 12998 7747 6367 1380
എറണാകുളം 37375 20157 19673 3184
തൃശൂർ 40486 21367 18037 3330
പാലക്കാട് 43010 24345 20096 4249
മലപ്പുറം 77837 41470 30882 10588
കോഴിക്കോട് 48606 27927 22027 5900
വയനാട് 12415 8081 6734 1347
കണ്ണൂർ 37289 25501 18517 6984
കാസർകോട് 19653 12938 9699 3239
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.