കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന തലത്തിലെ ഉന്നത വിജയത്തിനു ശേഷം ഉപരിപഠനത്തിനായി സീറ്റ് ഉറപ്പിക്കേണ്ട തിരക്കിലാണ് വിദ്യാർഥികൾ. നിലവില്‍ 34,292 പ്ലസ് വണ്‍ സീറ്റുകളാണ് ജില്ലയിൽ ഉള്ളത്. ഉന്നത വിജയത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം 34,975 ആണ്.
എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളുടെ എണ്ണം മാത്രമെടുത്താൽ ജില്ലയിൽ 683 സീറ്റുകളുടെ കുറവാണുള്ളത്. പ്ലസ് വണ്ണിന് പുറമെ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് 7500 സീറ്റുകളുണ്ട്.
എന്നാൽ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, ഗൾഫിൽ നിന്നുള്ള വിദ്യാർഥികൾ എന്നീ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ ജില്ലയിൽ ആവശ്യത്തിന് സീറ്റുകൾ ഉണ്ടാകാനിടയില്ല. കണ്ണൂർ അടക്കമുള്ള വടക്കൻ ജില്ലകളിൽ പ്ലസ് വണ്ണിന് സീറ്റുകൾ 30 ശതമാനം വർധിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പറഞ്ഞിരുന്നു.
എന്നാൽ, 20 ശതമാനം സീറ്റുകൾ മാത്രമാണ് വർധിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു. സീറ്റ് വർധിപ്പിച്ച് ഒരു ക്ലാസിൽ തന്നെ നിരവധി കുട്ടികൾ തിങ്ങിനിറയുന്നതിനേക്കാൾ ബാച്ചുകൾ വർധിപ്പിക്കുകയാണ് വേണ്ടതെന്നാണ് കുട്ടികളും അധ്യാപകരും പറയുന്നത്.
ബാച്ച് വർധിപ്പിക്കാതെ സീറ്റുകളുടെ എണ്ണം കൂട്ടുന്നത് കാരണം ഹയർ സെക്കൻഡറി അധ്യാപകർ അധിക ജോലി ഭാരം പേറുകയാണെന്നും പരാതിയുണ്ട്. എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ പേർക്കും ജില്ലയിൽ സീറ്റ് ലഭിക്കണമെങ്കിലും സീറ്റുകളോ ബാച്ചുകളോ വർധിപ്പിക്കേണ്ടി വരും.
കഴിഞ്ഞവർഷം 35167 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 63.14 ശതമാനം വർധിച്ചിട്ടുണ്ട്.
6803 പേരാണ് എ പ്ലസുകാർ. പരാജയപ്പെട്ട വിദ്യാര്‍ഥികളെ സേ പരീക്ഷയിലൂടെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ല പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും. കൂടുതൽ പേർ ഉപരിപഠനത്തിന് അർഹരാകുന്നതിന് അനുസൃതമായി സീറ്റു വർധനയും ആവശ്യമാണ്.
അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നാണ് ജില്ല പഞ്ചായത്ത് നിലപാട്. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള കണ്ണൂർ അടക്കമുള്ള വടക്കൻ ജില്ലകളിൽ അധിക ബാച്ചിനായുള്ള പ്രഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി ശിപാർശ ഈ വർഷം നടപ്പാകാനിടയില്ലെന്നത് തിരിച്ചടിയാണ്.
സമിതി റിപ്പോർട്ടിലുള്ള നിർദേശങ്ങൾ പഠിച്ചശേഷം മാത്രമേ നടപ്പാക്കാനാവുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.