തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ, വി.എച്ച്.എസ്.ഇ ക്ലാസുകൾക്ക് തുടക്കമായി. 3,16,687 ലക്ഷം കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്. 389 സ്കൂളുകളിലായി മുപ്പതിനായിരം വി.എച്ച്.എസ്.ഇ വിദ്യാർഥികളും പ്രവേശനം നേടി. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് വ്യാഴാഴ്ച പൂർത്തിയായി. തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് ആരംഭിക്കും. അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും ഇത്തവണ പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ആഗ്രഹിച്ച സ്കൂളുകളിലോ കോഴ്സിലോ പ്രവേശനം കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാൽ, എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. 89 ബാച്ചുകൾ പുതുതായി അനുവദിച്ചു, 30 ശതമാനം സീറ്റ് വർധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ അക്കാദമിക് മുന്നേറ്റം ഉണ്ടാക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. അതിനായി പ്രത്യേക പദ്ധതി തയാറാക്കും. അക്കാദമിക് ആയി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകം പരിശീലനം നൽകും.
ഹയർസെക്കൻഡറി പാസായ വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസത്തിനായി മാർഗനിർദേശം നൽകും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ എഴുതി പുതുക്കി നൽകാം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്ലസ് വൺ മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അതേ സ്കൂളിൽ മെരിറ്റ് സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനത്തിനായി സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകിയാൽ അതേ സ്കൂളിൽ പ്രവേശനം നൽകുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.