തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് വ്യാഴാഴ്ച രാവിലെ 10 മുതൽ വെള്ളി വൈകീട്ട് നാലു വരെ പ്രവേശനം നേടാം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ക്വോട്ടകളിൽനിന്ന് മെറിറ്റിലേക്ക് മാറ്റിയത് ഉൾപ്പെടെ 45,394 സീറ്റുകളാണുള്ളത്.
ഇതിലേക്ക് അപേക്ഷിച്ച 68,739 അപേക്ഷകളിൽ 67,596 എണ്ണമാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ച ശേഷം മറ്റ് േക്വാട്ടകളിൽ പ്രവേശനം നേടിയ 194 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 949 അപേക്ഷകളും പരിഗണിച്ചിട്ടില്ല.
സംവരണ തത്ത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന ഒഴിവുകൾ ജില്ല ഒരു യൂനിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.