കൊല്ലം: കരുനാഗപ്പള്ളി ശ്രീബുദ്ധ സ്കൂളിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിനിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ ലത സാരഥിയായി മാറി. രക്ഷാകർത്താക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.
പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കായി ക്രമീകരിച്ചിരുന്ന പാർക്കിങ് ഗ്രൗണ്ട് പരീക്ഷാഹാളിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായിരുന്നു.
അടുത്തിടെ ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് ഇത്രയും ദൂരം നടന്ന് പോകാൻ പ്രയാസമായിരുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് മറ്റ് വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ മാതാപിതാക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പ്രയാസം മനസ്സിലാക്കിയ കരുനാഗപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ ലത വിദ്യാർഥിനിയെ സ്കൂട്ടറിൽ പരീക്ഷഹാളിന് സമീപം എത്തിക്കുകയും പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനിയെ തിരികെ പാർക്കിങ് ഗ്രൗണ്ടിൽ കാത്തുനിന്ന രക്ഷാകർത്താക്കളുടെ അടുക്കൽ സുരക്ഷിതയായി എത്തിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം സമയോചിതമായ ഇടപെടലുകളാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും അതിലൂടെ ജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറക്കാൻ കഴിയുമെന്നും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.