കോഴിക്കോട്: സർവകലാശാലകളും കോളജുകളുമടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണവും ബാക്ക്ലോഗ് നികത്തലും കൃത്യമായി പാലിക്കണമെന്ന് യു.ജി.സി നിർദേശം.
കാലിക്കറ്റ് സർവകലാശാലയിൽ അസി. പ്രഫസർ നിയമനത്തിൽ സംവരണക്രമപട്ടിക പ്രസിദ്ധീകരിച്ചില്ലെന്നും ബാക്ക്ലോഗ് നികത്തിയില്ലെന്നുമുള്ള പരാതിക്കിടെയാണ് യു.ജി.സി ഉത്തരവ്.
അധ്യാപക, അനധ്യാപക നിയമനങ്ങളിലും കോഴ്സുകളുടെ പ്രവേശനത്തിലും സംവരണം ഉറപ്പുവരുത്തണം. കേന്ദ്രത്തിെൻറ ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംവരണം സംബന്ധിച്ച സർക്കാർ ഉത്തരവുകളും നിയമങ്ങളും കർശനമായി നടപ്പാക്കണമെന്ന് യു.ജി.സി സർക്കുലറിൽ പറയുന്നു.
ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. പട്ടികജാതി-പട്ടിക വർഗം, മറ്റു പിന്നാക്ക വിഭാഗം, മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കുള്ള സംവരണം യു.ജി.സി നിരന്തരം നിരീക്ഷിക്കുന്നതിനിടെയാണ് പുതിയ നിർദേശം.
ഓരോ തസ്തികയിലും ഏതു സംവരണ വിഭാഗമാണ് നിലവിൽ ജോലിെചയ്യുന്നതടക്കമുള്ള സംവരണക്രമ പട്ടിക (റോസ്റ്റർ) നിശ്ചിത ഇടവേളകളിൽ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അധ്യാപക, അനധ്യാപക നിയമനത്തിലെ സംവരണത്തിൽ ബാക്ക് ലോഗ് നികത്താനും യു.ജി.സി നിർദേശിക്കുന്നു.
നിയമനങ്ങളുടെയും കോളജുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശനത്തിെൻറയും കണക്കടങ്ങിയ വിവരങ്ങൾ യു.ജി.സിയുടെ യൂനിവേഴ്സിറ്റി ആക്ടിവിറ്റി മോണിറ്ററിങ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
കാലിക്കറ്റ് സർവകലാശാലയിൽ അടുത്തിടെ 36 അസി. പ്രഫസർമാരെ നിയമിച്ചപ്പോൾ സംവരണത്തിൽ ഏറെ ആരോപണമുയർന്നിരുന്നു. നിയമനസമയത്ത് മാത്രം സംവരണം തീരുമാനിച്ചാൽ മതിയെന്ന ഹൈകോടതി ഉത്തരവിെൻറ മറവിലാണ് സംവരണ റോസ്റ്റർ പുറത്തുവിടാതിരുന്നത്.
അധികൃതർക്ക് താൽപര്യമുള്ള ഉദ്യോഗാർഥികളുടെ ജാതിയും മതവും നോക്കി ഓരോ തസ്തികയിലും സംവരണം നിശ്ചയിച്ചതാണെന്നും ആക്ഷേപമുണ്ട്.
സംവരണക്രമപട്ടിക രേഖാമൂലം ആവശ്യപ്പെട്ട സിൻഡിക്കേറ്റ് അംഗത്തിനുപോലും കൈമാറിയില്ല. നിയമനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾ ഇവ കൈകാര്യം ചെയ്യുന്നതായും പരാതിയുയരുകയാണ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾ, മറ്റു സംവരണം വിഭാഗങ്ങൾ എന്നിവർക്കുള്ള ബാക്ക്ലോഗ് നികത്താൻ കാലിക്കറ്റ് സർവകലാശാല തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.