കോഴിക്കോട്: പഠനവകുപ്പുകളിലെ അധ്യാപകനിയമനത്തിൽ ഉദ്യോഗാർഥികളെ ഇളിഭ്യരാക്കുന്നത് തുടർന്ന് കാലിക്കറ്റ് സർവകലാശാല. സംവരണക്രമം നേരത്തേ പ്രഖ്യാപിക്കാതെയുള്ള നിയമനമാണ് ഉദ്യോഗാർഥികളുടെ പണവും സമയവും അധ്വാനവും നഷ്ടമാക്കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കംപ്യുട്ടർ സയൻസ് അസിസ്റ്റൻറ് പ്രഫസർ നിയമനത്തിനുള്ള റാങ്ക്പട്ടികയാണ് അവസാനത്തെ പ്രഹസനപട്ടിക. 11 പേരടങ്ങിയ റാങ്ക്ലിസ്റ്റിലുള്ള ഒരാൾക്ക് പോലും നിയമനം കിട്ടില്ല. ഒരു ഒഴിവുള്ള കംപ്യൂട്ടർ സയൻസിൽ നിയമനം നാടാർ വിഭാഗത്തിനാണ് സംവരണം ചെയ്തതെന്നാണ് റാങ്ക്പട്ടികയുടെ താഴെ എഴുതിയിരിക്കുന്നത്. ഉദ്യോഗാർഥികളെ ലഭിക്കാത്ത വിഭാഗമായി (എൻ.സി.എ) ഈ നിയമനത്തെ കണക്കാക്കുകയും ചെയ്തു. ഇനി പുതിയ വിജ്ഞാപനം നടത്തി നിയമനപ്രക്രിയ തുടങ്ങേണ്ടി വരും.
ഇടതുപക്ഷ സിൻഡിക്കേറ്റിന്റെ തലതിരിഞ്ഞ നയമാണ് നിയമന സമയത്ത് മാത്രം ഏത് തസ്തികയിലാണ് സംവരണമെന്ന് അറിയേണ്ട ഗതികേട്. ഹൈക്കോടതി വിധിയുടെ പേരിൽ, രാജ്യത്ത് ഒരിടത്തുമില്ലാത്ത ക്രൂരമായ തീരുമാനങ്ങളാണ് കാലിക്കറ്റ് സർവകലാശാല സ്വീകരിച്ചത്.
കംപ്യുട്ടർ സയൻസ് തസ്തികയിൽ ഇൻറർവ്യുവിനായി 31 പേരുടെ പട്ടികയാണുണ്ടായിരുന്നത്. ഇതിൽ എല്ലാവരും എത്തിയിരുന്നില്ല. മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ആറ് കോപ്പി വീതം ഇൻറർവ്യുവിന് ഹാജരാക്കേണ്ടിയിരുന്നു. കോവിഡായതിനാൽ ഇൻറർവ്യു ബോർഡിലെ ഒരോരുത്തർക്കും ഓരോ കോപ്പി എന്ന നിലയിലാണ് നൽകിയത്. വിദേശത്ത് നിന്ന് വരെ എത്തി ഇൻറർവ്യുവിൽ പങ്കെടുത്തവരുണ്ട്.
റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം കിട്ടിയത് പോളിടെക്നിക് കോളജ് അധ്യാപികയായ ടി.പി ഷബീറക്കാണ്. മുസ്ലിം, ഓപൺ, ലത്തീൻ, പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവരെല്ലാം റാങ്ക് പട്ടികയിലുണ്ട്. ഒന്നാം റാങ്ക്കാരിക്ക് മാത്രമാണ് നിയമനം ലഭിക്കുക. എന്നാൽ, നാടാർ സംവരണമായതിനാൽ ഷബീറയുടെ റാങ്ക് വെറുതെയായി. മറ്റ് പല പഠനവകുപ്പുകളിലും സർവകലാശാല നിശ്ചയിച്ച സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികളില്ലായിരുന്നു. ഇതിനിടെ, ലൈഫ് സയൻസിലും സുവോളജിയിലും ഭാര്യാ നിയമനത്തിന് നീക്കമുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.