തിരുവനന്തപുരം: സർക്കാർ ഡെൻറൽ കോളജുകൾക്ക് പിന്നാലെ വെറ്ററിനറി കോഴ്സിലും (ബി.വി.എസ്സി) മെറിറ്റ് സീറ്റ് തരംമാറ്റി മുന്നാക്ക സംവരണം നടപ്പാക്കുന്നു. വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള രണ്ടു കോളജിലെ 14 ബിരുദ സീറ്റാണ് മുന്നാക്ക സംവരണത്തിനായി മാറ്റിയത്.
തൃശൂർ -മണ്ണുത്തി, വയനാട് കോളജുകളിൽ ആകെയുള്ള 180 ൽ അഖിലേന്ത്യ ക്വോട്ട, പ്രത്യേക സംവരണ സീറ്റ് കഴിഞ്ഞുള്ള 142 സീറ്റിലേക്കാണ് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്നത്. ഇതിൽനിന്നാണ് 14 സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെച്ചത്. കഴിഞ്ഞ വർഷം വരെ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെൻറ് നടത്തിയിരുന്ന സീറ്റുകളാണ് ഇവ. ഇതോടെ ഈ വർഷം ഇത്രയും സീറ്റ് സ്റ്റേറ്റ് മെറിറ്റിൽ കുറഞ്ഞു.
സർക്കാർ ഡെൻറൽ കോളജുകളിലെ 23 ബി.ഡി.എസ് സീറ്റും ഇതേ മാതൃകയിൽ തരംമാറ്റി മുന്നാക്ക സംവരണത്തിന് നീക്കിവെച്ചിരുന്നു. അധിക സീറ്റ് അനുവദിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കേണ്ടതെന്നിരിക്കെയാണ് നിലവിലെ സീറ്റ് ഉപയോഗിച്ച് നടപ്പാക്കുന്നത്. എം.ബി.ബി.എസ്, ബി.ടെക് ഉൾപ്പെടെ കോഴ്സുകളിൽ അധിക സീറ്റ് അനുവദിച്ചശേഷമാണ് മുന്നാക്ക സംവരണത്തിന് സീറ്റ് നീക്കിവെച്ചത്. ഡെൻറൽ കൗൺസിൽ ഓഫ് ഇന്ത്യയിൽനിന്നാണ് ബി.ഡി.എസ് സീറ്റ് വർധനക്ക് അനുമതി വാങ്ങേണ്ടത്.
ബി.വി.എസ്സി സീറ്റ് വർധനക്ക് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽനിന്നും. രണ്ടു കോഴ്സിലും മുന്നാക്ക സംവരണം നടപ്പാക്കാൻ ബന്ധപ്പെട്ട കൗൺസിലുകളിൽനിന്ന് സീറ്റ് വർധനക്ക് അനുമതി തേടാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടിയില്ലാതെ പോയി. ഹൈകോടതിയിൽ കേസ് വന്നപ്പോൾ നിലവിലെ മെറിറ്റ് സീറ്റെടുത്ത് മുന്നാക്ക സംവരണം നടപ്പാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വെറ്ററിനറി കോഴ്സിൽകൂടി നടപ്പാക്കിയതോടെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലും എൻജിനീയറിങ് കോഴ്സുകളിലും മുന്നാക്ക സംവരണം പൂർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.