കൊച്ചി: പ്രൈമറി വിദ്യാലയങ്ങളിൽ റോഷ്നി പദ്ധതിവഴി ബാലപാഠം നൽകിയത് പന്തീരായിരം അന്തർസംസ്ഥാന കുരുന്നുകൾക്ക്. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും അന്തർസംസ്ഥാനക്കാരായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഏഴുവർഷം മുമ്പ് ജില്ലകലക്ടറായിരുന്ന കെ.മുഹമ്മദ്.വൈ സഫീറുല്ല ആവിഷ്കരിച്ച പദ്ധതിയാണ് റോഷ്നി. ജില്ലപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ അഭിയാൻ,വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അന്തർസംസ്ഥാനക്കാരെ ഭാഷയുടെ അതിർവരമ്പുകളില്ലാതെ അവരുടെ ഭാഷയിലുടെ പാഠഭാഗങ്ങൾ പഠിപ്പിക്കുകയും അതുവഴി ക്ലാസ് മുറികൾ ആകർഷകമാക്കി കൊഴിഞ്ഞുപോക്ക് തടയാനുമാണ് പദ്ധതി ലക്ഷ്യമിട്ടത്. സംഭാഷണത്തിലൂടെ ഒന്നിലേറെ ഭാഷകളിലേക്ക് ആശയവിനിമയം സാധ്യമാകുന്ന "കോഡ് സ്വിച്ചിങാ'ണ് ഇതിന്റെ അടിസ്ഥാനം. പദ്ധതി ഏഴാം ഘട്ടം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ രീതിയിൽ മാറി. ഇതോടെ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനുളള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
ജില്ലയിൽ ഏറ്റവുമധികം അന്തർസംസ്ഥാന വിദ്യാർഥികൾ പഠിച്ചിരുന്ന തൃക്കണാർവട്ടം എൽ.പി.സ്കൂൾ, പൊന്നുരുന്നി എൽ.പി സ്കൂൾ, കണ്ടന്തറ യു.പി സ്കൂൾ, ബിനാനിപുരം എച്ച്.എസ് എന്നീ നാല് വിദ്യാലയങ്ങളിലെ 110 കുട്ടികളുമായാണ് പദ്ധതിയുടെ തുടക്കം. തുടർന്ന് അടുത്ത ഘട്ടത്തിൽ 20 സ്കൂളുകളിലെ 1200 വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായി. നാലാംഘട്ടം മുതൽ 40 വിദ്യാലയങ്ങളിലെ 2500 വിദ്യാർഥികളാണ് ഗുണഭോക്താക്കൾ. നിലവിൽ എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം ഉപജില്ലകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഏഴ് ഘട്ടങ്ങളിലായി ഇതിനോടകം 12510 വിദ്യാർഥികൾക്കാണ് റോഷ്നി കൈതാങ്ങായത്.
അന്തർസംസ്ഥാന വിദ്യാർഥികൾ ക്ലാസ് മുറികളിൽ നേരിട്ടിരുന്ന വെല്ലുവിളിയായിരുന്നു ഭാഷാപ്രശ്നം. മലയാള സിലബസിലെ പാഠഭാഗങ്ങൾ മനസിലാക്കാൻ കുട്ടികളും പകർന്നുനൽകാൻ അധ്യാപകരും ഏറെ പണിപ്പെട്ടു. ഈ പ്രതിസന്ധിക്കാണ് റോഷ്നി പദ്ധതി ആശ്വാസമേകിയത്. പ്രശ്നപരിഹാരത്തിന് നാല്പത് ബഹുഭാഷ വോളണ്ടിയർമാരാണ് കുട്ടികൾക്കും അധ്യാപകർക്കും ഇടയിൽ നാവായി പ്രവർത്തിക്കുന്നത്. പ്രതിമാസം 11000 രൂപയാണ് ഇവരുടെ വേതനം.
അധ്യാപകർ പഠിപ്പിക്കുന്ന പാഠങ്ങൾ കുട്ടികളുടെ മാതൃഭാഷയിലേക്ക് വിശദീകരിച്ച് നൽകുന്നത് ഇവരാണ്. ഹിന്ദി, ബംഗാളി, ഒറിയ, തമിഴ് ഭാഷകളിലാണ് 20 കുട്ടികളിൽ കൂടുതൽ അന്തർസംസ്ഥാനക്കാരുളള സ്കൂളുകളിൽ വോളണ്ടിയർമാർ പ്രവർത്തിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ക്ലാസുകളും നടത്തുന്നുണ്ട്.
ആരംഭകാലം മുതൽ പദ്ധതിക്ക് സാമ്പത്തികസഹായം നൽകുന്നത് ബി.പി.സി.എൽ ആണ്. ആദ്യവർഷങ്ങളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണമടക്കം നൽകിയിരുന്നു. ഇതിനായി പദ്ധതിയിലുൾപ്പെട്ട കുട്ടികളെ നേരത്തെ സ്കൂളുകളിലെത്തിച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണത്തോടെ ഇതെല്ലാം നിലച്ചു. ഇതിന് ശേഷം കുട്ടികളുടെ എണ്ണം വർധിച്ചതും പലയിടങ്ങളിലും തദേശസ്ഥാപനങ്ങൾ പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചതും മൂലം ഇത് ഉപേക്ഷിക്കുകയായിരുന്നു.
കലാ-കായിക രംഗമടക്കമുളള പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജീവമാക്കുന്നതിനുളള പ്രവർത്തനങ്ങൾ അണിയറയിൽ തയാറാക്കുന്നുണ്ടെങ്കിലും സാമ്പത്തികം വെല്ലുവിളിയാണ്. പരാധീനതകൾക്കിടയിലും സ്കൂൾ കലോത്സവ-കായിക മേളകളിൽ സബ്ജില്ല തലങ്ങളിൽ അന്തർ സംസ്ഥാന കുട്ടികൾ ശ്രദ്ധേയ പ്രകടനവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.