തിരുവനന്തപുരം: സ്ക്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു. കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്ന പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുടെ വിവാദ ഉത്തരവ് അപടകരമാണ്.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടന്ന സർക്കാർ നിലപാട് സ്വീകരിക്കുന്നത്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. അവരും ഈ നാടിന്റെ പ്രതീക്ഷയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. വിഷയത്തിൽ ബാലാവകാശ കമീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ല. മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവിറക്കിയത്. നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന സർക്കാരിന്റെ വിചിത്രഉത്തരവ് പുറത്തു വരുന്നത്.
വിവാദ ഉത്തരവ് നടപ്പാക്കിയാൽ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് പാലിക്കപ്പെടേണ്ടുന്ന മിനിമം സുരക്ഷ മാനദണ്ഡങ്ങൾ പോലും സാധിക്കാത്ത അവസ്ഥയുണ്ടാവും. ഇത് വിദ്യാർഥി സമൂഹത്തോടുള്ള സർക്കാരിന്റെ അവഗണനയാണ്. കുട്ടികളുടെ സുരക്ഷക്ക് പുല്ലുവില കൽപ്പിക്കുന്ന ഉത്തരവ് പിൻവലിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.