'മാധ്യമം' കഴിഞ്ഞ 14ന് പ്രസിദ്ധീകരിച്ച വാർത്ത പൂർണമായും ശരിവെക്കുന്നതാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച ചോദ്യപേപ്പർ മാതൃക
തിരുവനന്തപുരം: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ സമ്പ്രദായം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യപേപ്പർ മാതൃക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലൂടെയാണ് വിവിധ മാർക്കിലുള്ള ചോദ്യപേപ്പറുകളുടെ മാതൃക പ്രസിദ്ധീകരിച്ചത്. 'എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇനി എ പ്ലസ് എളുപ്പമല്ല' എന്ന തലക്കെട്ടിൽ 'മാധ്യമം' കഴിഞ്ഞ 14ന് പ്രസിദ്ധീകരിച്ച വാർത്ത പൂർണമായും ശരിവെക്കുന്നതാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച ചോദ്യപേപ്പർ മാതൃക. എ പ്ലസ് ലഭിക്കാൻ ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ മതിയാകില്ലെന്നും പാഠഭാഗം പൂർണമായും പഠിക്കണമെന്നും ചോദ്യപേപ്പർ മാതൃക സഹിതം പ്രസിദ്ധീകരിച്ച വാർത്തയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പർ മാതൃക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ചോദ്യപേപ്പർ പാറ്റേൺ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകിയത്.
60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഊന്നൽ നൽകുന്ന (ഫോക്കസ് ഏരിയ) മേഖലയായി നിശ്ചയിച്ചത്. ഇതിൽനിന്ന് പരീക്ഷയിൽ 70 ശതമാനം ചോദ്യങ്ങളുണ്ടാകും. ചോദ്യപേപ്പറിൽ 50 ശതമാനം ചോദ്യങ്ങൾ ചോയ്സ് ആയി എഴുതാൻ അധികമായി നൽകാനും തീരുമാനിച്ചിരുന്നു.
50 ശതമാനം ചോയ്സ് വരുന്നതോടെ പരമാവധി മാർക്കിന് ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നുതന്നെ വരുമെന്നായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാൽ, ചോദ്യപേപ്പർ മാതൃക പുറത്തുവന്നതോടെ 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്നും 30 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഇതിന് പുറത്തുള്ള പാഠഭാഗങ്ങളിൽ നിന്നുമാണെന്ന് വ്യക്തമായി. ഇതുപ്രകാരം 80 മാർക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറിൽ ചോയ്സ് ഉൾപ്പെടെ 120 മാർക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും ഫോക്കസ് ഏരിയയിൽനിന്ന് 56 മാർക്കിന് മാത്രമേ ഉത്തരമെഴുതാനാകൂ.
40 മാർക്കിന്റെ ചോദ്യപേപ്പറിൽ 60 മാർക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 28 മാർക്കിനായിരിക്കും ഫോക്കസ് ഏരിയ ചോദ്യങ്ങൾ. 60 മാർക്കിനുള്ള ചോദ്യപേപ്പറിൽ 90 മാർക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 42 മാർക്കിനായിരിക്കും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യം.
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയോളം വർധിച്ചത് പ്ലസ് വൺ, ബിരുദ പ്രവേശനത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഫോക്കസ് ഏരിയ ചോദ്യങ്ങൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.