പയ്യന്നൂർ: പൊതുവിദ്യാഭ്യാസത്തിെൻറ നിലവാരം മെച്ചപ്പെടുത്താനെന്ന പേരിൽ ലോകബാങ്കിെൻറ വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്നു. സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്ട്സ് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്) എന്ന പേരിൽ സമഗ്ര ശിക്ഷാ അഭിയാനുമായി (എസ്.എസ്.എ) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ കാലാവധി ആറുവർഷമാണ്. ഒക്ടോബറിലാണ് ലോകബാങ്ക് പദ്ധതി ആസൂത്രണം ചെയ്തത്. കോവിഡിനെ കരുവാക്കി പാർലമെൻറിനെ മറികടന്ന് ആരുമറിയാതെ കഴിഞ്ഞമാസം 24ന് കേന്ദ്ര സർക്കാർ വായ്പാ കരാറിൽ ഒപ്പുവെച്ചതോടെ ഇന്ത്യ പദ്ധതിയുടെ ഭാഗമായി. കേരളം, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പൈലറ്റ് പ്രോഗ്രാമിന് വകയിരുത്തിയിരിക്കുന്നത് 36 മില്യൺ ഡോളറാണ്.
പ്രീ പ്രൈമറി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, അധ്യാപക പരിശീലനം, വിദ്യാർഥികളുടെ വിലയിരുത്തൽ എന്നീ മേഖലകളിലൂന്നിയുള്ള ലോകബാങ്ക് പദ്ധതിയാണിത്. പഠന-ബോധന പ്രക്രിയയിലും ഉള്ളടക്കം, പ്രയോഗം എന്നിവയിലുമിടപെട്ടുകൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിെൻറ ഉൽപന്നത്തെ സ്വാധീനിക്കുക എന്നതാണ് ലോകബാങ്ക് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അധ്യാപക പരിശീലനം, മോണിറ്ററിങ്, മാനേജ്മെൻറ്, മേലധികാരികളുടെ പരിശീലനം എന്നിവയിലെല്ലാം സമഗ്രമായി ഇടപെടുന്നതാണ് പദ്ധതി.
1994 മുതൽ നടപ്പാക്കിയ ഡി.പി.ഇ.പി, എസ്.എസ്.എ പദ്ധതികളുടെ ഊന്നലും വളർച്ചയും ലക്ഷ്യമാക്കിയാണ് മൂന്നാംഘട്ടം എന്നാണ് സൂചന. കേരളത്തിൽ ഡി.പി.ഇ.പി വിജയമായിരുന്നില്ല എന്ന വിലയിരുത്തലിനിടെയാണ് വീണ്ടുമൊരു പദ്ധതി അണിയറയിൽ ഒരുങ്ങുന്നത്.
ഇതുവഴി വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരത്തകർച്ചയായിരിക്കും സംഭവിക്കുകയെന്ന് വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖർ പറയുന്നു.
അറിവ്, ജ്ഞാനം, ചരിത്രം, സംസ്കാരം എന്നിവക്ക് പ്രാധാന്യം നൽകാതെ വിദ്യാർഥികളെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന യന്ത്രങ്ങളാക്കി മാറ്റുക എന്ന മുതലാളിത്ത തന്ത്രങ്ങൾക്കാണ് സർക്കാർ പച്ചക്കൊടി കാണിക്കുന്നതെന്നാണ് പ്രമുഖ ഇടത് ചിന്തകരുടെയടക്കം ആരോപണം. സി.പി.എം കേന്ദ്ര കമ്മിറ്റി ഇതിനെതിരെ രംഗത്തുവന്നിരുന്നുവെങ്കിലും പാർട്ടി നേതൃത്വം നൽകുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ എതിർക്കാനിടയില്ലെന്നാണ് സൂചന.
പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒാൾ ഇന്ത്യ ഫോറം ഫോർ റൈറ്റ് ടു എജുക്കേഷൻ (എ.ഐ.എഫ്.ആർ.ടി.ഇ) ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി പ്രക്ഷോഭത്തിൽ പങ്കുചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.