തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ അധികതസ്തിക സൃഷ്ടിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (കെ.ഇ.ആർ) ഭേദഗതി ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിന് തിരിച്ചടിയായി. കഴിഞ്ഞ സർക്കാർ കാലത്താണ് ധനവകുപ്പിന്‍റെ സമ്മർദത്തെ തുടർന്ന് കരട് ചട്ടഭേദഗതി പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കി സമർപ്പിച്ചത്. അംഗീകാരത്തിനു ശേഷം ഭേദഗതി വിജ്ഞാപനം ചെയ്തത് കഴിഞ്ഞ ഏപ്രിൽ 20ന് ആയിരുന്നു. എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കൂടുന്നുവെന്ന വ്യാജ കണക്ക് നിരത്തി ഒട്ടേറെ സ്കൂളുകൾ പുതിയ നിയമനങ്ങൾ നടത്തി, അംഗീകാരം നേടുന്നുണ്ടായിരുന്നു. ഇത് സർക്കാറിന് വൻ ബാധ്യത വരുത്തുന്നത് തോമസ് ഐസക് ധനമന്ത്രിയായിരിക്കെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് കരട് ചട്ടഭേദഗതി വിദ്യാഭ്യാസ വകുപ്പ് തയാറാക്കി സമർപ്പിച്ചത്. നേരത്തേ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ മാനേജ്മെന്‍റുകൾ നടത്തുന്ന നിയമനത്തെ അംഗീകരിച്ചു നൽകുന്നതായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ രീതി. ഇതിന് തടയിട്ടാണ് കുട്ടികൾ വർധിച്ച് അധിക തസ്തികക്ക് അർഹതയുണ്ടെങ്കിൽ അക്കാര്യം വിദ്യാഭ്യാസ ഓഫിസർ പരിശോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണം എന്ന ഭേദഗതി കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യമായ പരിശോധന നടത്തി സർക്കാറിലേക്ക് ശിപാർശ ചെയ്യണം.
സർക്കാർ ഇക്കാര്യം പരിശോധിച്ച് സെപ്റ്റംബർ 30നകം തീരുമാനമെടുക്കണം. ഫലത്തിൽ ഒക്ടോബർ ഒന്നു മുതൽ മാത്രമേ അധിക തസ്തിക സൃഷ്ടിക്കാൻ സാധിക്കൂവെന്ന സാഹചര്യം നിലവിൽ വന്നു. ജൂണിലെ ആദ്യ പ്രവൃത്തിദിനത്തിൽ സ്കൂൾ തുറന്നശേഷം കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കാൻ ഒക്ടോബർ വരെ കാത്തിരിക്കണമെന്നത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്ന വാദമാണ് കെ.ഇ.ആർ ഭേദഗതിക്കെതിരെ മാനേജ്മെന്‍റുകൾ മുന്നോട്ടുവെച്ചത്. ഇത് മുഖവിലയ്ക്കെടുത്താണ് ഭേദഗതി ഒരു മാസത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തത്.
സ്റ്റേ വന്നതോടെ ആറാം പ്രവൃത്തി ദിവസത്തെ കണക്കിനെ അടിസ്ഥാനപ്പെടുത്തി അധിക തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിയമനടപടികളും മാനേജ്മെന്‍റുകൾ നടത്തും. കോവിഡ് കാരണം രണ്ടു വർഷം സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ ആ വർഷങ്ങളിൽ 2019 -'20 വർഷത്തെ തസ്തിക നിർണയംതന്നെയാണ് ബാധകമാക്കിയത്. നേരത്തേ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി കെ.ഇ.ആർ ഭേദഗതി കൊണ്ടുവരാൻ സർക്കാർ നടത്തിയ നീക്കം കോടതി തടഞ്ഞിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള അനുപാതം കെ.ഇ.ആറിൽ ഭേദഗതിയായി ഉൾപ്പെടുത്താൻ സർക്കാർ തയാറായതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.