യു.എസ് സ്റ്റുഡന്റ് വിസ കൂട്ടമായി നിരസിക്കുന്നതും ആഗോള തൊഴിൽ വിപണി ദുർബലമായതും വിദ്യാർഥികളെ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. യു.എസിലേക്കുള്ള വഴിയടഞ്ഞതോടെ ഉന്നത വിദ്യാഭ്യാസത്തിന് യൂറോപ്പും ദുബൈയുമാണ് വിദ്യാർഥികളുടെ അടുത്ത ലക്ഷ്യകേന്ദ്രങ്ങളെന്ന് പുനെയിലെ വിദ്യാഭ്യാസ കൺസൾട്ടൻസികൾ പറയുന്നു.
2024ലെ അപേക്ഷിച്ച് 2025ൽ യു.എസിൽ വിസ അനുവദിക്കുന്നതിൽ 30 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പുനെയിലെ വിദ്യാഭ്യാസ വിദഗ്ധൻ അമിത് ജെയിൻ പറയുന്നു. എച്ച്-1ബി വിസ അപേക്ഷകൾ കുറയുകയും ഗ്രീൻ കാർഡ് കുറക്കുകയും ചെയ്തതിനെ തുടർന്ന് യു.എസിലേക്ക് പോകാനുള്ള വിദ്യാർഥികളുടെ താൽപര്യവും കുറഞ്ഞു. മാത്രമല്ല, ഗ്രീൻ കാർഡ് ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു എന്നതും യു.എസിലേക്ക് പോകാൻ വിദ്യാർഥികളെ പിന്നോട്ടടിപ്പിക്കുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതും വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു. അതിനാൽ യു.എസ് വിട്ട് അയർലൻഡ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാനും വിദ്യാർഥികൾ താൽപര്യപ്പെടുന്നുണ്ട്.
സ്വന്തമായി സ്ഥാപനങ്ങൾ ഇല്ല എന്നതായിരുന്നു ദുബൈയിലെ പ്രധാന പോരായ്മ. നിരവധി പാശ്ചാത്യ സർവകലാശാലകൾക്ക് അവിടെ സെക്കൻഡറി ക്യാപസുകളും ഉണ്ടായിരുന്നില്ല. എന്നാൽ വലിയ തൊഴിലവസരമാണ് അവിടെ കാത്തിരിക്കുന്നത്. അതാണ് ദുബൈ ഓപ്ഷനായി തെരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്.
2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 41ശതമാനം വിദേശവിദ്യാർഥികളുടെ വിസകളാണ് യു.എസ് ഭരണകൂടം തള്ളിക്കളഞ്ഞത്.10 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. 2023-24 വർഷത്തിൽ എഫ്.1 വിസക്കായി 6.79 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതിൽ 2.79 ലക്ഷം അപേക്ഷകൾ തള്ളി. 2022-23 വർഷത്തിൽ 6.99 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതിൽ 2.53 ലക്ഷം അപേക്ഷകൾ നിരസിച്ചു. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന പട്ടിക യു.എസ് പുറത്തുവിട്ടിട്ടില്ല.
കോവിഡിന് മുമ്പുള്ള കാലങ്ങളിൽ അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ രീതിയിൽ വർധനവുണ്ടായിരുന്നു. 2023-24 വർഷമായതോടെ അപേക്ഷകരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങി. 2023-24 വർഷത്തിൽ 4.01 ലക്ഷം എഫ്-1 വിസകളാണ് യു.എസ് ഇഷ്യൂ ചെയ്തത്. അതിനു തൊട്ടുമുമ്പുള്ള വർഷം 4.45 ലക്ഷം എഫ്-1 വിസകളും അനുവദിച്ചു. യു.എസിലെ അക്കാദമിക സ്ഥാപനങ്ങളിൽ പഠനം നടത്താൻ വിദേശ വിദ്യാർഥികൾക്ക് നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എഫ്-1 വിസ. യു.എസ് പ്രതിവർഷം അനുവദിക്കുന്ന വിദ്യാർഥി വിസയിൽ 90 ശതമാനവും എഫ്-1വിസയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.