റിയാദ്: അറബ് മേഖലയിലെ ഏറ്റവും മികച്ച സർവകലാശാലകളെ പരിചയപ്പെടുത്തുന്ന 18ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലെ സൗദി പവിലിയൻ ശ്രദ്ധേയമാകുന്നു. സൗദിയുടെ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായ 11 സർവകലാശാലകളെ പരിചയപ്പെടുത്തുന്ന പ്രദർശനം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. 'സൗദിയിൽ പഠിക്കാം' എന്ന തലക്കെട്ടിലാണ് പവിലിയൻ സജ്ജീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അന്താരാഷ്ട്ര സൂചികകളിലും റാങ്കിങ്ങിലും സൗദി അറേബ്യ കൈവരിച്ച പുരോഗതി ലോകത്തിന് പരിചയപ്പെടുത്തുകയാണ് പ്രദർശന ലക്ഷ്യം.
മികച്ച രീതിയിൽ സജ്ജീകരിച്ച പവിലിയനിൽ സന്ദർശകർക്ക് വിവരങ്ങൾ പറഞ്ഞുകൊടുക്കാൻ നിരവധി വളന്റിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. അറബ് മേഖലയിലെ ഏറ്റവും മികച്ച സർവകലാശാലകളായി തെരഞ്ഞെടുക്കപ്പെട്ട കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, കിങ് സൗദ് യൂനിവേഴ്സിറ്റി എന്നിവക്കൊപ്പം കിങ് ഖാലിദ് യൂനിവേഴ്സിറ്റി, ജീസാൻ യൂനിവേഴ്സിറ്റി, മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി, പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, സൗദി ഇലക്ട്രോണിക് യൂനിവേഴ്സിറ്റി, ഖാസി യൂനിവേഴ്സിറ്റി, ഉമ്മുൽഖുറ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് തബൂഖ്, ഇമാം മുഹമ്മദ് ബിൻ സൗദ് യൂനിവേഴ്സിറ്റി എന്നിവയും പ്രദർശനത്തിനുണ്ട്. അറബ് ലോകത്തെയും വിദേശങ്ങളിലെയും വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ വിവിധ പഠനമേഖലകളിൽ സൗദി സർവകലാശാലകൾ ഒരുക്കിയിട്ടുണ്ട്. ഇത് പരിചയപ്പെടുത്തുന്ന പവിലിയനിൽ നിരവധി വിദ്യാർഥികളാണ് വിവരങ്ങൾ അറിയാനും സംശയനിവാരണത്തിനുമായി എത്തിച്ചേരുന്നത്. അറബി, ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ചൈനീസ്, ഹിന്ദി, ടർക്കിഷ്, ഉർദു, ഹൗസ, മലാവിയൻ എന്നിങ്ങനെ ഒമ്പതു ഭാഷകളിൽ 'സ്റ്റഡി ഇൻ സൗദി' വെബ്സൈറ്റിൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സൗദി അടുത്തിടെ ആരംഭിച്ച വിദ്യാഭ്യാസ വിസ നേടുന്നതിനുള്ള വഴികളും പവിലിയനിൽനിന്ന് ചോദിച്ചറിയുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽകൂടി തുടരുന്ന പ്രദർശനത്തിലേക്ക് കൂടുതൽ വിദ്യാർഥികൾ വരുംദിവസങ്ങളിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് പവിലിയൻ സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.