തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 72 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് ഏഴ് ജില്ലകളിലെ 21 താലൂക്കുകളിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ. 72ൽ 61 ബാച്ചുകളും ഹ്യുമാനിറ്റീസിലായിരിക്കും. പത്ത് ബാച്ച് കോമേഴ്സിലും ഒന്ന് സയൻസിലുമായിരിക്കും. 72 ബാച്ചുകളിലൂടെ 4320 സീറ്റുകൾ സർക്കാർ സ്കൂളുകളിൽ വർധിക്കും. നിലവിലുള്ള സീറ്റുകൾകൂടി പരിഗണിച്ചാൽ ബാച്ച് വർധനക്കുശേഷം 23838 സീറ്റുകൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് ലഭ്യമാകും. ഒാരോ ബാച്ചിലും 60 വരെ കുട്ടികൾക്ക് പ്രവേശനം നൽകും.
സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് കൂടുതൽ ബാച്ചുകൾ അനുവദിക്കുന്നത്; 26 എണ്ണം. ഇതിൽ 23 എണ്ണം ഹ്യുമാനിറ്റീസിലും മൂന്നെണ്ണം കോമേഴ്സിലുമാണ്. മലപ്പുറത്ത് തിരൂർ, പൊന്നാനി താലൂക്കുകളിൽ ഏഴ് വീതവും കൊണ്ടോട്ടിയിൽ അഞ്ചും പെരിന്തൽമണ്ണയിൽ നാലും തിരൂരങ്ങാടിയിൽ രണ്ടും നിലമ്പൂരിൽ ഒന്നും വീതം ബാച്ചുകളായിരിക്കും അനുവദിക്കുക. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏഴും കൊയിലാണ്ടിയിൽ അഞ്ചും താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിൽ മൂന്ന് വീതം ബാച്ചുകളുമാണ് അനുവദിക്കുക. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ ഒമ്പത് ബാച്ചുകളും പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിൽ ഒന്ന് വീതം ബാച്ചുകളും അനുവദിക്കും.
തൃശൂർ ജില്ലയിൽ തലപ്പിള്ളി, കുന്ദംകുളം താലൂക്കുകളിൽ രണ്ട് വീതം ബാച്ചുകൾ അനുവദിക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ നാലും കണ്ണൂരിൽ മൂന്നും ബാച്ചുകളും കാസർകോട് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽ ഒരു ബാച്ചും അനുവദിക്കും. വയനാട്ടിൽ വൈത്തിരി താലൂക്കിൽ മൂന്ന് ബാച്ചുകളും അനുവദിക്കും. 72 ബാച്ചുകളിലെ ഏക സയൻസ് ബാച്ച് പട്ടാമ്പി താലൂക്കിലായിരിക്കും. ബാച്ചുകൾ അനുവദിക്കാനായി കണ്ടെത്തിയ സർക്കാർ സ്കൂളുകളുടെ പട്ടിക സർക്കാർ ഉത്തരവിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ഒന്നിന് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഉത്തരവിറങ്ങിയാൽ മാത്രമേ പുതിയ ബാച്ചുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിക്കാനാകുകയുള്ളൂ. പ്രവേശന നടപടികൾ വൈകിയതോടെ സീറ്റ് ലഭിക്കാത്ത അപേക്ഷകർ കൂട്ടത്തോടെ ഒാപൺ സ്കൂളിൽ പ്രവേശനമെടുക്കാൻ തുടങ്ങിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.