കൊച്ചി: പ്രവേശന ഫീസ് അടക്കാൻ പണമില്ലാതെ നൂറുകണക്കിന് ആദിവാസി വിദ്യാർഥികൾ ബിരുദ പഠനത്തിന് പുറത്ത്. പ്രവേശനം ലഭിക്കണമെങ്കിൽ ഓൺലൈനായി ആദ്യം അപേക്ഷ നൽകണം. പിന്നീട് സീറ്റ് ഉറപ്പിക്കാൻ ഓരോ സർവകലാശാലയും നിർദേശിക്കുന്ന ഫീസ് അടക്കണം. താൽക്കാലിക പ്രവേശനം എടുക്കണമെങ്കിൽ കോളജിൽ എത്തണം. ഉദാഹരണമായി വയനാട്ടിലെ വിദ്യാർഥി കൊല്ലത്ത് കോളജിൽ വരണമെങ്കിൽ യാത്രക്കൂലി വേണം. പിന്നീട് സ്ഥിരം പ്രവേശനത്തിന് മറ്റൊരു കോളജിൽ പോകണം. അതിനെല്ലാമുള്ള യാത്രക്കോ ഭക്ഷണത്തിനോ താമസിക്കാൻ സൗകര്യമോയില്ലാതെ വലയുകയാണ് ആദിവാസി വിഭാഗങ്ങൾ.
വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽ വലിയൊരു ശതമാനം വിദ്യാർഥികൾ അപേക്ഷപോലും നൽകാനാകാതെ ബിരുദ പഠനത്തിന് പുറത്താണെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കുടുംബത്തിലെ അംഗങ്ങൾക്ക് നാട്ടിൽ പണിയില്ല. സർക്കാർ നൽകുന്ന സൗജന്യകിറ്റിൽ ജീവിതം നിലനിർത്തുന്നവരുടെ മുന്നിലാണ് ബിരുദ പഠനം ബാലികേറാമലയാകുന്നത്. സർവകലാശാല ഇക്കാര്യത്തിൽ വിദ്യാർഥികളെ കൈയൊഴിഞ്ഞു. സ്വയംഭരണ കോളജിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ നൽകാൻ ഒരുവിഷയത്തിന് 250 രൂപവേണം.
അഞ്ചു വിഷയത്തിന് അപേക്ഷ നൽകുന്ന വിദ്യാർഥിക്ക് 1250 വേണം. വണ്ടിക്കൂലി അടക്കമുള്ള മറ്റ് ചെലവുകൾക്ക് 2000 രൂപയെങ്കിലും ചെലവാകും. ഒരു വിഷയത്തിന് 250 രൂപപോലും കൈയിലില്ലാത്തതിനാൽ അപേക്ഷ നൽകാൻ കഴിയാത്ത വിദ്യാർഥികൾ ഊരുകളിലുണ്ട്. പട്ടികവർഗ ഡയറക്ടറേറ്റ് കോളജുകളുമായി നേരിട്ട് ഇടപെട്ട് ആദിവാസി വിദ്യാർഥികളുടെ അപേക്ഷ ഫീസ് നൽകാമെന്ന് സർക്കാർ ഉത്തരവ് ഇറക്കി ഈ പ്രശ്നം പരിഹരിക്കാം. എന്നാൽ, അത്തരമൊരു ഇടപെടൽ ഉണ്ടായില്ല. ഇതിലൂടെ ആദിവാസി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് കടന്നുവരാനുള്ള എല്ലാവഴിയും അടയുകയാണ്.
പട്ടികവർഗ ഫണ്ട് ചെലവഴിക്കുന്നതിൽ പകൽക്കൊള്ളയാണ് പലയിടത്തും നടക്കുന്നത്. എ.ജിയും ധനകാര്യ പരിശോധന വിഭാഗവും വകുപ്പിെൻറ ഓഡിറ്റ് വിഭാഗവും നടത്തിയ പരിശോധനകളിൽ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചിത്രമാണ് ചൂണ്ടിക്കാണിച്ചത്. ആദിവാസി വിദ്യാർഥികൾ പഠനത്തിൽ മുന്നോട്ടുപോകുന്നത് ബോധപൂർവം തടയാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.