ഒഴിഞ്ഞുകിടക്കുന്നത് മുക്കാൽ ലക്ഷം ബിരുദ സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയന്‍സ് കോളജുകളിൽ ഈ വർഷം കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് മുക്കാൽ ലക്ഷം ബിരുദ സീറ്റ്. അവസാന സ്പോട്ട് അഡ്മിഷന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച രേഖയിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്. കേരള ഉൾപ്പെടെ സർവകലാശാലകളിൽ പതിവിലും കൂടുതൽ സീറ്റൊഴിവ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സംസ്ഥാനത്താകെയുള്ള സീറ്റൊഴിവിന്‍റെ കണക്ക് ആദ്യമായാണ് പുറത്തുവരുന്നത്.

അഫിലിയേറ്റഡ് കോളജുകളുള്ള കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലായി ആകെ 74,580 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 1,524 സീറ്റുകൾ സർക്കാർ കോളജുകളിലും 13,243 സീറ്റുകൾ എയ്ഡഡ് കോളജുകളിലുമാണ്. ശേഷിക്കുന്ന 59,816 സീറ്റ് സ്വാശ്രയ കോളജുകളിലാണ്.

ഏറ്റവും കൂടുതൽ സീറ്റൊഴിവ് ബി.എസ്സി കോഴ്സിലാണ്; 24,072. ബി.കോമിന് 21,535ഉം ബി.എക്ക് 15,701ഉം സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.5338 സീറ്റ് ബി.ബി.എക്കും 3956 സീറ്റ് ബി.വോക്കിനും 2731 സീറ്റ് ബി.സി.എക്കും 466 സീറ്റ് ബി.എസ്.ഡബ്ല്യുവിനും 477 സീറ്റ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്‍റിനും 270 സീറ്റ് ഹോട്ടൽ മാനേജ്മെന്‍റിനും 23 സീറ്റ് ഫിനാൻസ് മാനേജ്മെന്‍റിനും അഞ്ച് വീതം സീറ്റ് ഫിസിക്കൽ എജുക്കേഷനിലും തിയറ്റർ ആർട്സിലും മൾട്ടിമീഡിയയിൽ ഒരു സീറ്റും ഒഴിഞ്ഞുകിടക്കുന്നു.

സ്വാശ്രയ കോളജുകളിൽ സീറ്റൊഴിവ് പതിവാണെങ്കിലും അരലക്ഷത്തിന് മുകളിൽ ഒഴിവ് വരുന്നത് ആദ്യമാണ്. സർക്കാർ ഫീസിൽ പഠിക്കാവുന്ന എയ്ഡഡ് കോളജുകളിൽ 13,243 സീറ്റ് ഒഴിവ് വന്ന കണക്കും ഞെട്ടിക്കുന്നതാണ്. സീറ്റൊഴിവിന്‍റെ കാരണം പ്രത്യേകമായി പഠിച്ചിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു രേഖാമൂലം നിയമസഭയെ അറിയിച്ചത്.

എയ്ഡഡ് കോളജുകളിൽ ഉൾപ്പെടെ വൻതോതിൽ ബി.എസ്സി സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്.കൂടുതൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ കോളജുള്ള കാലിക്കറ്റ് സർവകലാശാലയിലാണ്; 30,807. എം.ജിയിൽ 21,362ഉം കേരളയിൽ 16,037ഉം കണ്ണൂരിൽ 6374ഉം സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. 

സീറ്റൊഴിവ് കോളജ് അടിസ്ഥാനത്തിൽ

സർക്കാർ 1524

എയ്ഡഡ് 13,243

സ്വാശ്രയം 59,813

സർവകലാശാല

അടിസ്ഥാനത്തിൽ

കേരള 16,037

കാലിക്കറ്റ് 30,807

എം.ജി 21,362

കണ്ണൂർ 6374

പ്രധാന കോഴ്സുകളിലെ

സീറ്റൊഴിവ്

ബി.എ 15,701

ബി.എസ്സി 24,072

ബി.കോം 21,535

ബി.ബി.എ 5338

ബി.വോക് 3956

ബി.സി.എ 2728

Tags:    
News Summary - Three quarter lakh under graduate seats are vacant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.