ന്യൂഡൽഹി: പഠിക്കാൻ സ്മാർട്ഫോൺ ഇല്ലാതെ കേരളത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു, പഠന സമയത്ത് ഇൻറർനെറ്റ് കിട്ടാൻ മറ്റൊരു പെൺകുട്ടി വീടിെൻറ ചരിഞ്ഞ മേൽക്കൂരയിൽ ഇരിക്കുന്ന ചിത്രം മാധ്യമങ്ങളിൽ വൈറൽ, വേറൊരിടത്ത് മൂന്ന് കുട്ടികൾ പിതാവിെൻറ സ്മാർട്ഫോണിന് ‘അടിപിടി’ കൂടുന്നു...
പഠനം ഓൺലൈനിൽ ആയതോടെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രങ്ങളാണിവ. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ പഠനം അപ്രതീക്ഷിത ദുരന്തമായി പരിണമിക്കുമോയെന്ന ആശങ്ക ഉയർത്തുകയാണ് വിദ്യാഭ്യാസ വിദഗ്ധർ. ഗ്രാമീണ ഇന്ത്യയിൽ 15 ശതമാനത്തിൽ താഴെ വീടുകളിലേ ഇൻറർനെറ്റുള്ളൂ എന്ന് 2017-18ലെ ദേശീയ സാമ്പിൾ സർവേ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവേയിൽ പറയുന്നു.
നഗരങ്ങളിൽ 42 ശതമാനം വീടുകളിലാണ് ഇൻറർനെറ്റുള്ളത്. ഗ്രാമീണ മേഖലയിൽ അഞ്ചു വയസ്സിനു മുകളിലുള്ള 13 ശതമാനം പേരിൽ നിന്ന് വിവരം തേടിയപ്പോൾ 8.5 ശതമാനം പെൺകുട്ടികൾക്കു മാത്രമാണ് ഇൻറർനെറ്റുള്ളതെന്ന് കണ്ടെത്തി. ദരിദ്ര കുടുംബങ്ങൾക്ക് സ്മാർട്ഫോണോ കമ്പ്യൂട്ടറോ അപ്രാപ്യവും. നഗര ഗ്രാമ ഭേദമന്യേ പാവപ്പെട്ടവർക്ക് ഇൻറർനെറ്റ് ഉപയോഗത്തിൽ ബുദ്ധിമുട്ടുണ്ടെന്നും അതിനെ മറികടക്കാൻ പ്രത്യേക പദ്ധതികളില്ലെന്നും ഡൽഹി യൂനിവേഴ്സിറ്റി സോഷ്യോളജി വിഭാഗം മേധാവി രജനി പൽരിവാല ചൂണ്ടിക്കാണിക്കുന്നു.
‘തുല്യത ഉറപ്പുവരുത്തുന്നതിൽ നിർണായക പ്രാധാന്യമാണ് വിദ്യാഭ്യാസത്തിന്. എന്നാൽ, കോവിഡ് അത് ഇല്ലാതാക്കുന്നു. ഗ്രാമീണ മേഖലയിലെ വീടുകളിൽ നിന്ന് വിദ്യാർഥികളെ സ്കൂളുകളിൽ എത്തിച്ച് രാജ്യം കൈവരിച്ച നേട്ടം ഡിജിറ്റൽ അന്തരത്തിലൂടെ കൈമോശം വരികയാണെന്ന് കിരോരി മാൽ കോളജിലെ പ്രഫസർ സംഗീത ഡി ഗദ്രെ പറഞ്ഞു.
വാട്സ് ആപ്, സൂം, സ്കൈപ്, ഗൂഗ്ൾ മീറ്റ് എന്നിവ പഠന മാധ്യമമാകുേമ്പാൾ അത് ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിലെല്ലാം അധ്യയനം നിലക്കുകയാണെന്നും തങ്ങൾക്ക് ഈ രീതിയിൽ പഠനം നടത്താൻ സാധിക്കുന്നില്ലെന്നും ഹരിയാന മേവാത്തിലെ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. കാലത്തിനനുസരിച്ച് മാറുന്നതിനാണ് ഗവൺമെൻറ് അതീവ പ്രാധാന്യം കൽപിക്കേണ്ടതെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു. ഡിജിറ്റൽ അന്തരത്തെ ഫലപ്രദമായി മറികടന്നാൽ മാത്രമേ പുതിയ കാലത്ത് സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയൂയെന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ ഉറവശി സാഹ്നിയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.