ന്യൂഡൽഹി: സാങ്കേതിക പ്രശ്നങ്ങൾ മൂലം രാജ്യത്തെ ഉന്നത സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർഗ്രാജ്വേറ്റ്(സി.യു.ഇ.ടി യു.ജി 2022) പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. ആഗസ്റ്റ് 12നും 14നുമിടെ തീയതി ലഭിച്ച, സാങ്കേതിക പ്രശ്നം മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ വീണ്ടും പരീക്ഷയെ അഭിമുഖീകരിക്കാമെന്ന് യു.ജി.സി ചെയർമാൻ മമിദാല ജഗദീഷ് കുമാർ അറിയിച്ചു. സി.യു.ഇ.ടി മൂന്നാംഘട്ട പരീക്ഷ ആഗസ്റ്റ് 17, 18, 20 തീയതികളിൽ നടക്കും.
സാങ്കേതിക തടസ്സങ്ങളും കാലാവസ്ഥ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ആഗസ്റ്റ് നാല്, ആറ് തീയതികളിൽ നടത്താൻ തീരുമാനിച്ച സി.യു.ഇ.ടി രണ്ടാംഘട്ട പരീക്ഷ നാഷനൽ ടെസ്റ്റിങ് ഏജൻസി ആഗസ്റ്റ് 12, 14 തീയതികളിലേക്ക് മാറ്റിയിരുന്നു. ഈ തീയതികളിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കാണ് വീണ്ടും അവസരം നൽകുന്നത്.
വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ തീയതികളിൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ എൻ.ടി.എയുമായി ബന്ധപ്പെട്ടിരുന്നു. 15,811 വിദ്യാർഥികൾ ആണ് പരീക്ഷ തീയതി മാറ്റിത്തരണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. തുടർന്നാണ് എൻ.ടി.എയുടെ തീരുമാനം. കൂടുതൽ വിവരങ്ങൾ nta.ac.in വെബ്സൈറ്റിലൂടെ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.