രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളിലെ (ഐ.ഐ.ടികൾ) ബി.ടെക്/ബി.ആർക്/ഇന്റഗ്രേറ്റഡ് എം.ടെക് ഡ്യുവൽ ഡിഗ്രി മുതലായ പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 11 വൈകിട്ട് അഞ്ചുമണി വരെ നീട്ടി. ഇതുസംബന്ധിച്ച വിജ്ഞാപനവും രജിസ്ട്രേഷൻ സൗകര്യവും https://jeeadv.ac.in ൽ ലഭ്യമാണ്. 12ന് അഞ്ചു മണിവരെ ഫീസടക്കാം.പരീക്ഷ ആഗസ്റ്റ് 28ന്. രണ്ടു പേപ്പറുകളുണ്ട്. ഒന്നാമത്തെ പേപ്പർ രാവിലെ 9 മുതൽ 12 മണിവരെയും രണ്ടാമത്തെ പേപ്പർ ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയുമാണ്. അഡ്മിറ്റ് കാർഡ് ആഗസ്റ്റ് 23നും 28നുമിടയിൽ ഡൗൺലോഡ് ചെയ്യാം.
ജെ.ഇ.ഇ മെയിൻ ഒന്നും രണ്ടും പേപ്പറുകളിൽ ഉയർന്ന റാങ്ക് നേടിയ 2.6 ലക്ഷം പേർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിൽ പങ്കെടുക്കാവുന്നത്. ആർക്കിടെക്ചർ അഭിരുചി പരീക്ഷക്ക് പ്രത്യേകം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് സെപ്റ്റംബർ 11ന് രാവിലെ 10 മുതൽ 12ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ആർക്കിടെക്ചർ അഭിരുചി പരീക്ഷ (എ.എ.ടി) സെപ്റ്റംബർ 14ന് രാവിലെ 9 മുതൽ 12 മണിവരെയാണ്. ബി.ആർക് പ്രവേശനമാഗ്രഹിക്കുന്നവർ എ.എ.ടിയിൽ യോഗ്യത നേടണം.
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷഫലം സെപ്റ്റംബർ 11ന് രാവിലെ 10 മണിക്കും എ.എ.ടി പരീക്ഷഫലം സെപ്റ്റംബർ 17ന് വൈകീട്ട് അഞ്ചുമണിക്കും പ്രസിദ്ധപ്പെടുത്തും. ഉയർന്ന റാങ്ക് നേടുന്നവർക്ക് പാലക്കാട്, മദ്രാസ്, തിരുപ്പതി, ഹൈദരാബാദ്, മുംബൈ, ഝാർഖണ്ഡ്, ഗാന്ധിനഗർ, ഗോവ, ഭുവനേശ്വർ, ഖരഗ്പുർ, ധൻബാദ്, ഭിലായ്, കാൺപുർ, വാരാണസി, ഇന്ദോർ, ഡൽഹി, ജമ്മു, ജോധ്പുർ, ഗുവാഹതി, പട്ന, റൂർക്കി, മാണ്ഡി, റോപാർ ഐ.ഐ.ടികളിൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. നാലുവർഷത്തെ ബി.ടെക്, ബി.എസ്, അഞ്ചുവർഷത്തെ ബി.ആർക്, ഡ്യുവൽ ഡിഗ്രി ബി.ടെക്, എം.ടെക്, ഇന്റഗ്രേറ്റഡ് എം.ടെക്/എം.എസ്.സി പ്രോഗ്രാമുകളിലാണ് പ്രവേശനം.
ഐ.ഐ.എസ്.സി ബംഗളൂരു, തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ഐസറുകൾ, ഐ.ഐ.എസ്.ടി തിരുവനന്തപുരം, ആർ.ജി.ഐ.പി.ടി റായ്ബറേലി, ഐ.ഐ.പി.ഇ വിശാഖപട്ടണം എന്നിവിടങ്ങളിലും ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.