തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജ് അധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാർ പഠിക്കുന്നു. പെൻഷൻ പ്രായം 56ൽ നിന്ന് 60 വയസ്സാക്കി ഉയർത്തണമെന്ന ആവശ്യം പഠിക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ വിദഗ്ധ സമിതിയെ നിയമിച്ചു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയന്റ് ഡയറക്ടർ ഡോ. വൃന്ദ വി. നായരുടെ നേതൃത്വത്തിലുള്ള സമിതി വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. പെൻഷൻ പ്രായം ഉയർത്താൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർക്ക് നിവേദനങ്ങൾ ലഭിച്ചിരുന്നു.
ഇതര സംസ്ഥാനങ്ങളിലെല്ലാം കോളജ് അധ്യാപകരുടെ പെൻഷൻ പ്രായം 60 മുതൽ 65 വയസ്സ് വരെയാണെന്നും കേരളത്തിൽ മാത്രമാണ് സർക്കാർ ജീവനക്കാരുടേതിന് തുല്യമായി 56ൽ തുടരുന്നതെന്നും നിവേദനത്തിൽ പറയുന്നു. പെൻഷൻ പ്രായം ഉയർത്തുന്നത് അധ്യാപകരാകാൻ യോഗ്യതയുള്ള, നിലവാരമുള്ള ചെറുപ്പക്കാരെ ബാധിക്കുന്ന പ്രശ്നമല്ല. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ 2015ന് ശേഷം ‘ഗേറ്റ്’ യോഗ്യതയുള്ള എം.ടെക് അപേക്ഷകർ രണ്ട് ശതമാനത്തിൽ താഴെയാണ്. ആർട്സ് ആന്റ് സയൻസ് കോളജുകളിൽ അധ്യാപകരാകാൻ പിഎച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഒരുപാട് പേർ പുറത്തുകാത്തുനിൽക്കുന്ന അവസ്ഥ എൻജിനീയറിങ് കോളജുകളുടെ കാര്യത്തിൽ ഇല്ല. എൻജിനീയറിങ് കോളജുകളിൽ 1995 വരെ ജോലിയിൽ പ്രവേശിച്ച ഏതാണ്ട് മുഴുവൻ അധ്യാപകരും വിരമിച്ചുകഴിഞ്ഞു.
ഈ വർഷം മുതൽ 1995-2000 വർഷങ്ങളിൽ ജോലിയിൽ പ്രവേശിച്ചവരിൽ പ്രഗല്ഭരായവർ ഉൾപ്പെടെ റിട്ടയർ ചെയ്തുതുടങ്ങുകയാണ്. 2010ന് ശേഷം നിയമിക്കപ്പെട്ടവരിൽ 90 ശതമാനത്തിൽ കൂടുതലും സ്വകാര്യ സ്വാശ്രയ കോളജുകളിൽ ബി.ടെക് പഠിച്ച ശരാശരിയും അതിൽ താഴെയും നിലവാരമുള്ളവരാണ്. മികച്ച അധ്യാപകർ കൂട്ടത്തോടെ പടിയിറങ്ങുന്നത് ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും.
വരും വർഷങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിലുള്ളതിനാൽ പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യത്തിൽ ഈ വർഷം തന്നെ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ പിന്നീട് തീരുമാനം സാധ്യമാകില്ലെന്നും നിവേദനങ്ങളിൽ പറയുന്നു. സർക്കാർ എൻജിനീയറിങ് കോളജുകളിൽ മിക്ക ബ്രാഞ്ചുകളിലും അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനത്തിന് പി.എസ്.സി നടപടി പുരോഗമിക്കുന്നതിനിടെയാണ് പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാർ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.