പ്ലസ് വൺ പ്രതിസന്ധി: അനീതി അവസാനിക്കാൻ മലബാർ ഇനിയുമെത്ര കാലം കാത്തിരിക്കണം...‍?

ഒന്നര പതിറ്റാണ്ടിലധികമായി മലബാർ ജില്ലകൾ അഭിമുഖീകരിക്കുന്ന വലിയ വിദ്യാഭ്യാസ പ്രതിസന്ധിയാണ് പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത. ഈ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാവശ്യമായത്ര പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്ന മലബാറുകാരുടെ ആവശ്യത്തിനും ഒന്നര പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ആവശ്യത്തിന് അഡീഷണൽ ബാച്ചുകളെന്ന ശാശ്വത പ്രശ്നപരിഹാരം മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ നടപ്പാക്കാത്തതിനാൽ ഈ വർഷവും മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുകയാണ്.

കഴിഞ്ഞ ഓരോ വർഷവും പത്താം ക്ലാസ് വിജയിക്കുന്ന അര ലക്ഷത്തോളം വിദ്യാർഥികളാണ് മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റില്ലാതെ ഉപരിപഠന പ്രതിസന്ധി നേരിടുന്നത്. കേരളത്തിൽ പ്ലസ് വൺ ആരംഭിച്ചത് മുതൽ ഇന്നുവരെ മലബാറിന് പുറത്തുള്ള ജില്ലകൾ ഈ പ്രതിസന്ധി ഇങ്ങനെ അഭിമുഖീകരിച്ചിട്ടില്ല. കുറച്ചു വർഷങ്ങളായി ചില തെക്കൻ ജില്ലകളിൽ പത്താം ക്ലാസ് വിജയിച്ചവരെക്കാൾ പ്ലസ് വൺ സീറ്റുകളുള്ളതിനാൽ ബാച്ചുകളടക്കം കുട്ടികളില്ലാതെ കാലിയായി കിടക്കുന്ന സന്ദർഭത്തിൽ കൂടിയാണ് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗമായ മലബാറിൽ അര ലക്ഷത്തോളം വിദ്യാർഥികൾ സീറ്റില്ലാതെ ഓരോ വർഷവും പുറത്തു നിൽക്കുന്നയവസ്ഥ തുടരുന്നത്.


ഈ വർഷം മലബാറിലെ 6 ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർത്ഥികൾക്ക് സീറ്റില്ല. സർക്കാർ എയ്ഡഡ് സ്കൂളുകളിലായി അനുവദിച്ച താൽക്കാലിക ബാച്ചും 30 ശതമാനം വരെയുള്ള സീറ്റ് വർദ്ധനവും പരിഗണിച്ച ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ ഈ വർഷവും ഒഴിഞ്ഞു കിടക്കുകയുമാണ്. 79730 വിദ്യാർത്ഥികൾ പത്താം ക്ലാസ് വിജയിച്ച മലപ്പുറം ജില്ലയിൽ 30 ശതമാനം സീറ്റുവർധനവിന് ശേഷവും സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിലവിലെ സീറ്റ് 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20040 സീറ്റുകളുടെ കുറവുണ്ട്. ഇങ്ങനെ പാലക്കാട് 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസർകോട് 4068 സീറ്റുകളുടെയും കുറവുണ്ട്. മലബാറിൽ ആകെ 41230 സീറ്റുകളുടെ കുറവ്. സി.ബി.എസ്.ഇ, ഐ.സി.ഐസ്.ഇ ഫലം കൂടി വരുന്നതോടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പതിവ് പോലെ അര ലക്ഷത്തിന് മുകളിലെത്തും.

പത്താം ക്ലാസിന് ശേഷമുള്ള മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.സി.ഇ, പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിൽ ആകെ 25150 സീറ്റുകൾ മാത്രമാണ് മലബാർ മേഖലയിലുള്ളത്. ഈ രംഗത്തും സ്ഥാപനങ്ങളും കോഴ്സുകളും കൂടുതലുള്ളത് മലബാറിന് പുറത്താണ്. ആകെയുള്ള 72641 സീറ്റുകളിൽ 47491 സീറ്റും തൃശൂർ മുതൽ തിരുവനന്തപുരം വരെ ജില്ലകളിലാണ്.

മലബാറിലെ ഈ പ്രതിസന്ധിയും സ്ഥിതിവിവര കണക്കുകളും സംസ്ഥാന സർക്കാറിനു മുന്നിൽ മലബാറിലെ വ്യത്യസ്ത സംഘടനകൾ ഉയർത്തിയതാണ്. പക്ഷേ, പ്രശ്നപരിഹാരമായ പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന് പകരം മാർജിനിൽ സീറ്റ് 30% വരെ വർധിപ്പിക്കുന്ന വിചിത്ര നിലപാടാണ് കുറച്ചു വർഷങ്ങളായി സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതുവഴി 50 പേർ പഠിക്കേണ്ട ഒരു പ്ലസ് വൺ ക്ലാസിൽ 65ന് മുകളിൽ കുട്ടികളിരിക്കേണ്ട അവസ്ഥയാണ് വർഷങ്ങളായി മലബാറിലുണ്ടാക്കുന്നത്. സംസ്ഥാന സർക്കാർ തന്നെ നിശ്ചയിച്ച ലബ്ബ കമ്മീഷൻ ഒരു പ്ലസ് വൺ ക്ലാസിൽ 40 വിദ്യാർഥികൾ മാത്രമേ ആകാവൂ എന്ന് നിർദ്ദേശിച്ചതാണ്. അന്നത്തെ സർക്കാർ അത് പരമാവധി 50 വരെ ആകാമെന്ന് നിജപ്പെടുത്തുകയായിരുന്നു. അതിനെയും അവഗണിച്ചാണ് മലബാർ ജില്ലകളിൽ 65 ന് മുകളിൽ വിദ്യാർഥികളെ ഒരു ക്ലാസിൽ തിക്കിഞെരുക്കി ഇരുത്തുന്നത്. ഇതുമൂലം ഒട്ടേറെ അക്കാദമിക പ്രശ്നങ്ങളാണ് മലബാർ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഫലം എടുത്ത് പരിശോധിച്ചാൽ ഫുൾ എ പ്ലസ് നേടുന്നതിൽ സംസ്ഥാന ശരാശരിയെക്കാൾ പിറകിൽ നിൽക്കുന്ന ആറ് ജില്ലകളിൽ നാലും മലബാറിലെ ജില്ലകളാണെന്ന് കാണാം. 100% വിജയം നേടുന്ന സ്കൂളുകളുടെ എണ്ണത്തിലും ഈ പ്രശ്നത്തിന്റെ പ്രതിഫലനം കാണാം.


മലബാർ ജില്ലകളിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന 1:50 എന്ന അനുപാതത്തിൽ പ്ലസ് വൺ ക്ലാസുകൾ വരുന്ന വിധത്തിൽ പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് ഈ വിഷയത്തിൽ ശാശ്വത പരിഹാരം. നിലവിലെ സംസ്ഥാന സർക്കാർ തന്നെ ഈ വിഷയം പഠിച്ച് പരിഹാരം സമർപ്പിക്കുവാൻ നിശ്ചയിച്ച കമ്മിറ്റിയാണ് പ്രൊഫ. കാർത്തികേയൻ നായർ അദ്ധ്യക്ഷനായ കമ്മറ്റി. ആ കമ്മിറ്റി പഠനം നടത്തിയ ശേഷം കഴിഞ്ഞ വർഷം പരിഹാര നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. അത് പുറത്തുവിടുവാൻ സർക്കാർ തയാറാവണം. അതിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കണം.

നിലവിൽ തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്തതും വിദ്യാർഥികൾ കുറവുള്ളതുമായ ബാച്ചുകൾ ക്ലബ്ബ് ചെയ്ത് അവശേഷിക്കുന്നവ മലബാർ മേഖലയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സർക്കാർ തയാറാവണം. ഇത് സർക്കാറിന് സാമ്പത്തിക ബാധ്യത പോലും ഉണ്ടാക്കാതെ എളുപ്പത്തിൽ സാധ്യമാവുന്ന സ്റ്റെപ്പാണ്. അതുപോലെ വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്, ഐ.ടി.ഐ മേഖലയിൽ പുതിയ ബാച്ചുകൾ മലബാറിൽ അനുവദിക്കണം. ഇനിയും ഘട്ടംഘട്ടമായെങ്കിലും ഇത്തരം ശാശ്വത പരിഹാരങ്ങളിലേക്ക് പ്രവേശിക്കുവാൻ സർക്കാർ തയാറാകണം.

Tags:    
News Summary - How long should Malabar wait for the injustice to end in Plus One seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.