അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍; ഭാഷാപരിജ്ഞാനം വേണ്ടെന്ന് പി.എസ്.സി

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഇന്‍ഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷക്ക് ഭാഷാപരിജ്ഞാനം ആവശ്യമില്ലെന്ന വിചിത്ര മറുപടിയുമായി കേരള പബ്ലിക് സർവിസ് കമീഷൻ. സംസ്ഥാന സര്‍ക്കാറിന്‍റെ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും തയാറാക്കേണ്ട എഡിറ്റോറിയൽ തസ്തികയിലേക്കാണ് ഭാഷാപരിജ്ഞാനം വേണ്ടെന്ന മറുപടി പി.എസ്.സി സെക്രട്ടറി നൽകിയത്.

വിവരണാത്മക പരീക്ഷയിൽ ഉദ്യോഗാർഥിയുടെ പ്രാവീണ്യവും കഴിവും പരിശോധിക്കാറില്ലെന്നും ഉത്തരത്തിലെ വസ്തുത മാത്രം നോക്കിയാണ് ഇത്തവണ ചുരുക്കപ്പട്ടിക തയാറാക്കിയതെന്നും പി.എസ്.സി അറിയിച്ചു.

അസിസ്റ്റൻറ് ഇന്‍ഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് മലയാളത്തിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാതെ പുറത്തായിരുന്നു. ഇതിനെതിരെ ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയും പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ട്രൈബ്യൂണൽ പി.എസ്.സിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് നൽകിയ കത്തിലാണ് പി.എസ്.സിയുടെ വിചിത്ര വാദങ്ങൾ. പത്രപ്രവർത്തനരംഗത്ത് പ്രവൃത്തിപരിചയമുള്ളവരെയാണ് അസിസ്റ്റൻറ് ഇന്‍ഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

പ്രവൃത്തി പരിചയം തെളിയിക്കാൻ ഉദ്യോഗാർഥികൾ ലേബർ ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന് പുറമെ ബന്ധപ്പെട്ട പത്രസ്ഥാപന മേധാവിയിൽനിന്നുള്ള യോഗ്യത സർട്ടിഫിക്കറ്റും പി.എസ്.സിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഇതിനുശേഷമാണ് പരീക്ഷ എഴുതാൻ അനുവാദം നൽകുന്നത്. നേരേത്ത ഈ തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. സമകാലീന വിഷയങ്ങൾ ഉള്‍പ്പെടുത്തി ഉദ്യോഗാർഥിയുടെ ഭാഷാപരിജ്ഞാനം അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇവയെല്ലാം ഒഴിവാക്കിയായിരുന്നു വിവരണാത്മക പരീക്ഷ.

ഇംഗ്ലീഷിലുള്ള ഏകീകൃത ഉത്തരസൂചിക ഉപയോഗിച്ചാണ് വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസുകൾ പി.എസ്.സി മൂല്യനിർണയം നടത്തിയത്. എല്ലാ ജീവജാലങ്ങൾക്കും ആശയവിനിയമത്തിന്‍റെ ആവശ്യകതയുണ്ടോ? വിശദമാക്കുക, പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ സമൂഹമാധ്യമങ്ങൾ സഹായിക്കുന്നു. നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് വിവരണാത്മക പരീക്ഷയിൽ ഉണ്ടായിരുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് ഏകീകൃത ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നത് യുക്തിരഹിതമാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. മലയാളത്തിൽ പരീക്ഷ എഴുതിയ എത്രപേർ ചുരുക്കപ്പട്ടികയിൽ ഇടംനേടിയെന്ന ചോദ്യത്തോടും അധികാരികൾ മൗനം പാലിക്കുകയാണ്.

കോടതിയെയും തെറ്റിദ്ധരിപ്പിച്ചു

അസിസ്റ്റൻറ് ഇന്‍ഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് 2021 ആഗസ്റ്റ് അഞ്ചിന് നടന്ന ഒ.എം.ആർ പരീക്ഷയെഴുതിയ 33,412 ഉദ്യോഗാർഥികളിൽനിന്ന് 117 പേരെ ചുരുക്ക പട്ടികയിലേക്ക് തെരഞ്ഞെടുത്തതായാണ് പി.എസ്.സി കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ ദിവസം ഇത്തരമൊരു പരീക്ഷ പി.എസ്.സി നടത്തിയിട്ടില്ല. 2018 ആഗസ്റ്റ് അഞ്ചിനാണ് ഒ.എം.ആർ പരീക്ഷ നടന്നത്.

തുടർന്ന് 630 ഓളം പേർക്കായി 2021 ഫെബ്രുവരി 15ന് വിവരണാത്മക പരീക്ഷ നടത്തിയാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്. അങ്ങനെയിരിക്കെ 2021 ആഗസ്റ്റ് അഞ്ചിലെ പരീക്ഷ ഏതെന്ന ചോദ്യമാണ് ഉദ്യോഗാർഥികൾ ഉയർത്തുന്നത്. വിവരണാത്മക പരീക്ഷക്ക് കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിന്‍റെയും കമീഷന്‍റെയും തീരുമാനപ്രകാരം എട്ടുപേർക്ക് താൽക്കാലിക ഹാൾടിക്കറ്റ് അനുവദിച്ചതായും ഇവരാരും പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെന്നും പി.എസ്.സി സെക്രട്ടറി പറയുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർഥികൾക്ക് നൽകിയ മറുപടിയിൽ 13 പേർക്ക് താൽക്കാലിക ഹാൾടിക്കറ്റ് അനുവദിച്ചിരുന്നതായാണ് പി.എസ്.സി വിശദീകരിക്കുന്നത്.

Tags:    
News Summary - Assistant Information Officer; PSC rejects language proficiency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.