കോട്ടയം: ആനുപാതിക നിയമനം പോലുമില്ലാതെ വനംവകുപ്പിലെ റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ റാങ്ക്ലിസ്റ്റ് കാലാവധി അവസാനിച്ചു. 3638 പേരുൾപ്പെട്ട റാങ്ക്ലിസ്റ്റിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 75 പേർക്ക് മാത്രം. കാലാവധി നീട്ടിക്കിട്ടിയാൽ കോടതി ഉത്തരവിലൂടെ അനുവദിച്ച സൂപ്പർ ന്യൂമററി തസ്തികകളിലേക്കെങ്കിലും നിയമനം നേടാൻ സാധിക്കുെമന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. 2017 ഫെബ്രുവരിയിലാണ് റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ/ ടി.ബി വാച്ചർ തുടങ്ങി 12 തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയത്.
2018 ഡിസംബർ 21ന് ആലപ്പുഴയൊഴികെ 13 ജില്ലകളിലെ അന്തിമ റാങ്ക്ലിസ്റ്റ് നിലവിൽ വന്നു. ഏറ്റവും കൂടുതൽ നിയമനം ലഭിച്ചത് പാലക്കാട്, കൊല്ലം ജില്ലകളിലാണ്. പാലക്കാട്ട് 23 പേർക്കും കൊല്ലത്ത് 19 പേർക്കും നിയമനം ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ 10 ൽ താഴെ പേർക്കേ നിയമനം ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരത്ത് മെയിൻലിസ്റ്റിൽ 205, സപ്ലിമെൻററി ലിസ്റ്റിൽ 52 എന്നിങ്ങനെ 257 പേരുടെ ലിസ്റ്റിൽനിന്ന് ഒരാൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കോട്ടയത്ത് 274 പേരുള്ള ലിസ്റ്റിൽനിന്ന് നിയമനം ലഭിച്ചത് വെറും മൂന്നുപേർക്ക് മാത്രം.
സംസ്ഥാനത്ത് നിയമനശിപാർശ ലഭിച്ചതാവട്ടെ നൂറിലേറെപ്പേർക്കും. ഒഴിവില്ലെന്നതും സാമ്പത്തികപ്രശ്നവുമാണ് നിയമനങ്ങൾ നടത്താത്തതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനാലാണ് തങ്ങൾക്ക് അവസരം കിട്ടാത്തതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് കോട്ടയം-12, കോഴിക്കോട്-10, കാസർകോട്-എട്ട്, കണ്ണൂർ-ആറ് എന്നിങ്ങനെ സൂപ്പർ ന്യൂമററി തസ്തികകൾ അനുവദിച്ചിരുന്നു. എന്നാൽ, ലിസ്റ്റ് കാലാവധി തീർന്നതിനാൽ അതും ഉപകാരപ്പെടില്ല.
12 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും നിയമനം നടന്നത് ഡിപ്പോ വാച്ചർ, റിസർവ് വാച്ചർ, പ്ലാേൻറഷൻ വാച്ചർ എന്നീ മൂന്നു തസ്തികകളിൽ മാത്രമാണ്. കോട്ടയത്ത് ഡിപ്പോ വാച്ചർ തസ്തികയിൽ മാത്രമാണ് നിയമനം നടന്നത്. വ്യക്തിപരമായ താൽപര്യങ്ങളാൽ നിലവിലെ അംഗീകൃത വാച്ചർമാർ പ്രമോഷൻ സ്വീകരിക്കാത്തതും റാങ്ക് ലിസ്റ്റിൽ നിന്നുള്ള വാച്ചർ നിയമനങ്ങൾക്ക് വിലങ്ങുതടിയാവുന്നു. മൂന്നുവർഷമായി ലിസ്റ്റിന് പിറകെയാണ് ഉദ്യോഗാർഥികൾ. ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ പണം ചെലവാക്കി കേസ് നടത്തിയും ഓഫിസുകളിൽ കയറിയിറങ്ങിയും നടക്കുകയാണ് പലരും. പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു പരീക്ഷ എഴുതാൻ അവസരമില്ലാത്തവരാണ് ഇവരിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.