തിരുവനന്തപുരം: കെ.എ.എസ് തസ്തികകളിൽ നവംബർ ഒന്നിന് പി.എസ്.സി നിയമന ശിപാർശ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കും. ഉദ്യോഗാർഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനുതകും വിധം പി.എസ്.സി പരീക്ഷാസിലബസിൽ മാറ്റം കൊണ്ടുവരാനാകണം. സർക്കാർ ജോലി ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉണ്ടാക്കാൻ പര്യാപ്തമായ സിലബസ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി പാലക്കാട് ജില്ല ഓഫിസ് ഓൺലൈൻ സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലയിലും പി.എസ്.സിക്ക് ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ വേണം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 887 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതാൻ സൗകര്യമുണ്ട്. പാലക്കാട് കേന്ദ്രത്തിൽ 345 പേർക്ക് പരീക്ഷ എഴുതാനാകും. കണ്ണൂരും തൃശൂരും കേന്ദ്രങ്ങൾ ആരംഭിക്കും.
പൊതുസംരംഭങ്ങളിൽനിന്നും സേവനങ്ങളിൽനിന്നും സർക്കാർ പിൻവാങ്ങുന്ന നില രാജ്യത്തുെണ്ടങ്കിലും കേരളം അത് സ്വീകരിച്ചില്ല. സിവിൽ സർവിസ് ശക്തിപ്പെടുത്താൻ പി.എസ്.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ട പശ്ചാത്തല സൗകര്യമൊരുക്കാനും പിന്തുണ നൽകുകയെന്നതാണ് സർക്കാർ സമീപനം. വിജ്ഞാപനമിറങ്ങി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മുമ്പ് അഞ്ചോ ആറോ വർഷമെടുത്തിരുന്നെങ്കിൽ ഇപ്പോൾ രണ്ടു വർഷത്തിനുള്ളിൽ എല്ലാ നടപടിയും പൂർത്തിയാക്കാൻ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.