യു.പി.എസ്.സി ദേശീയതലത്തിൽ ഏപ്രിൽ 21ന് നടത്തുന്ന 2024ലെ നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയിലൂടെ പ്ലസ് ടുകാർക്ക് ഓഫിസറാകാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ. പരീക്ഷയിലും തുടർന്നുള്ള എസ്.എസ്.ബി ഇന്റർവ്യൂവിലും യോഗ്യത നേടുന്നവർക്ക് എൻ.ഡി.എയുടെ ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിൽ 153ാമത് കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 115ാമത് കോഴ്സിലേക്കും പ്രവേശനം ലഭിക്കും. പരിശീലനം 2025 ജനുവരി രണ്ടിന് തുടങ്ങും. ആകെ 400 ഒഴിവുണ്ട്. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി നിയമിക്കും.
ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകൾ ചുവടെ:
• എൻ.ഡി.എ: ആർമി 208 (വനിതകൾ 10), നേവി 42 (വനിതകൾ 12), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിതകൾ 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിതകൾ 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിതകൾ 2).
• നേവൽ അക്കാദമി (10 + 2 കേഡറ്റ് എൻട്രി സ്കീം) 30 (വനിതകൾ 9). വിശദവിവരങ്ങളടങ്ങിയ യു.പി.എസ്.സി വിജ്ഞാപനം http://upsc.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. എൻ.ഡി.എ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരുന്നാൽ മതി. എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷാഫീസ് 100 രൂപ. http://upsconline.nic.in ൽ നിർദേശാനുസരണം ഒറ്റത്തവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ എന്നിവ ജനുവരി ഒമ്പതിന് വൈകീട്ട് ആറുവരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.