കണ്ണൂർ: എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് റാങ്ക് ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ട് പി.എസ്.സി. ഇതിന്‍റെ ഭാഗമായി ഏറ്റവും ഒടുവിലത്തെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നു നിർദേശിച്ച് സർക്കാറിന് കത്ത് നൽകി. എന്നാൽ, വിവിധ വകുപ്പുകൾ ഒഴിവുകൾ അറിയിക്കുന്നതിൽ വിമുഖത കാട്ടുന്നു.
മേയ് മാസം അവസാനത്തോടെ രണ്ട് റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ശ്രമം നടത്തുന്നത്. മേയ് ആദ്യത്തോടെ വെരിഫിക്കേഷൻ നടത്തും. ലിസ്റ്റ് തയാറാക്കുന്ന സമയത്തെ ഒഴിവുകൾകൂടി അറിയിക്കണമെന്നാണ് പി.എസ്.സി ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽ എത്ര ഉദ്യോഗാർഥികളെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുക. പരമാവധി ഉദ്യോഗാർഥികളെ ഉൾപ്പെടുത്താനാണ് കമീഷൻ തീരുമാനം. നേരത്തേയുള്ള ഒഴിവുകൾ വകുപ്പുകൾ അറിയിച്ചിട്ടുണ്ട്. അതിനുശേഷം വന്ന ഒഴിവുകൾ അറിയിക്കുന്നതിലാണ് വകുപ്പുകൾ അലംഭാവം കാട്ടുന്നത്. പുതിയ ഒഴിവുകൾ അറിയിക്കുന്നില്ലെങ്കിൽ നേരത്തേ കിട്ടിയ ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വിജ്ഞാപനം പ്രസിദ്ധീകരിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും പ്രധാന തസ്തികകളായ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി), ലാസ്റ്റ് ഗ്രേഡ് സർവൻറ് (എൽ.ജി.എസ്) തസ്തികകളിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയിരുന്നു. വേഗം റാങ്ക് പട്ടിക പുറത്തിറക്കാൻ ലക്ഷ്യമിട്ടാണ് പി.എസ്.സി പരീക്ഷ നടത്തിയത്. 2019 മുതൽ പി.എസ്.സി ആവിഷ്കരിച്ച പ്രാഥമിക-മുഖ്യ പരീക്ഷ പരിഷ്കാരങ്ങളിൽ ആദ്യത്തേത് ഇവയായിരുന്നു. ഇതുവഴി ചുരുങ്ങിയ സമയത്തിനുള്ളിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയുമെന്നായിരുന്നു പി.എസ്.സി വ്യക്തമാക്കിയിരുന്നത്. എൽ.ഡി.സി, എൽ.ജി.എസ്, മറ്റു പത്താം തരം യോഗ്യതയുള്ള തസ്തികകളുടെ പ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി- മാർച്ചിലാണ് നടന്നത്. മുൻ റാങ്ക് പട്ടിക 2001 ആഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ നട്ടെല്ലായി നിലനിൽക്കുന്ന ഇരു തസ്തികകളിലേക്കും നിയമനം നടക്കാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് ഒഴിവുകളിലേക്ക് താൽക്കാലികക്കാരെ തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.