തിരുവനന്തപുരം: സപ്ലൈകോയിൽ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി മുന്നോട്ടു പോകുന്നതിനിടെ ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർഥികളെ നിരാശരാക്കി അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ (എ.എസ്.എം) നിയമന നടപടികൾ ഇഴയുന്നു. മുഖ്യപരീക്ഷ പൂർത്തിയായി 14 മാസം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിനുള്ള നടപടി ആയിട്ടില്ല.
കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന പത്താംതല നിലവാര പരീക്ഷകളായ എൽ.ഡി.സി, എൽ.ജി.എസ് തസ്തികകൾ കഴിഞ്ഞാൽ ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തസ്തികയാണ് സിവിൽ സപ്ലൈസ് വകുപ്പിലെ അസി. സെയിൽസ്മാൻ. 2021 ആഗസ്റ്റിലാണ് മുൻ ലിസ്റ്റിെൻറ കാലാവധി അവസാനിച്ചത്. 14 ജില്ലകളിൽ നിന്നായി 2898 പേർക്ക് നിയമനം ലഭിച്ചു. റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് 2021 ഡിസംബർ 12നാണ് എൽ.ഡി.സി, എൽ.ജി.എസ് തസ്തികകൾക്കൊപ്പം അസി.സെയിൽമാെൻറയും മുഖ്യ പരീക്ഷ നടത്തിയത്.
എന്നാൽ ലാസ്റ്റ് ഗ്രേഡ് സർവന്റിെൻറ റാങ്ക് ലിസ്റ്റ് ജൂലൈയിലും ലോവർ ഡിവിഷൻ ക്ലർക്കിെൻറ ലിസ്റ്റ് കഴിഞ്ഞ ആഗസ്റ്റിലും പ്രസിദ്ധീകരിച്ചെങ്കിലും അസി. സെയിൽസ്മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ മാത്രം ഒരു അനക്കവും നാളിതുവരെ ഉണ്ടായിട്ടില്ല. 14 ജില്ലകളിലായി 658 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൂടുതൽ ഒഴിവുകൾ തിരുവനന്തപുരം ജില്ലയിലാണ് -127. എറണാകുളത്തും കോഴിക്കോടും 62 വീതവും ആലപ്പുഴയിൽ 64 ഒഴിവുകളുമുണ്ട്.
അതേസമയം, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ വേണ്ടെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിെൻറ നേതൃത്വത്തിൽ 2022 ഏപ്രിൽ 29ന് ചേർന്ന അവലോകനയോഗത്തിെൻറ തീരുമാനം. പകരം ഇഷ്ടക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റുകളിൽ നിയമിക്കുകയാണ്. ഭരണാനുകൂല സംഘടന നേതാക്കൾ പണം വാങ്ങിയാണ് സപ്ലൈകോയിൽ ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്ന് ആരോപിച്ച് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. പരാതികളിൽ പ്രാഥമികാന്വേഷണം നടക്കുകയാണെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
ഇതോടൊപ്പം എ.ഐ.ടി.യു.സി നേതാക്കൾ സപ്ലൈകോയിലെ ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും പണം വാങ്ങിയെന്നുള്ള പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്. ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് ഗ്രേഡ് ഫസ്റ്റ്, സീനിയർ അസിസ്റ്റന്റ് ഗ്രേഡ് സെക്കന്റ് തസ്തികളിലേക്ക് പ്രമോഷൻ ട്രാന്‍സ്ഫർ നൽകി വിവിധ ജില്ലകളിലേക്ക് മാറ്റിയ ജീവനക്കാരെ രണ്ടാഴ്ചക്ക് ശേഷം അതേ ഡിപ്പോയിലേക്കും ഔട്ട്ലെറ്റുകളിലേക്കും തിരികെ കൊണ്ടുവരുന്നതിന് 25000 മുതൽ 30000 രൂപവരെയാണ് കൈക്കൂലിയായി വാങ്ങിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതിക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.