നയതന്ത്ര ഓഫിസുകളിലേക്കും വിദേശമന്ത്രാലയത്തിലേക്കും കത്തിടപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി
വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ നോര്‍ക്ക ഓഫിസുകള്‍ വഴി ഏറ്റെടുക്കേണ്ടെന്ന് സര്‍ക്കാര്‍ ഈയിടെ നിര്‍ദേശം നല്‍കിയിട്ടുണ്ടോ? എംബസികളുമായി ബന്ധപ്പെട്ട മലയാളികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടത് ആരിലൂടെയാണെന്നതിന് ഒരു വിശദീകരണം നല്‍കാമോ?
എ.എം. അബൂസാലിഹ്, റിയാദ്
സംസ്ഥാന സര്‍ക്കാറിന്‍െറ നോര്‍ക്ക വകുപ്പ് ഈയിടെ പുറത്തിറക്കിയ(16.12.2016) നിര്‍ദേശങ്ങളായിരിക്കാം ചോദ്യത്തിന് ആധാരം.
വിദേശ മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍/ നിര്‍ദേശങ്ങള്‍ വിദേശനയതന്ത്ര ഓഫിസുകളിലേക്കോ വിദേശമന്ത്രാലയത്തിലേക്കോ അവതരിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍െറ വിദേശമലയാളികളുടെ ക്ഷേമത്തിനായുള്ള നോര്‍ക്ക വകുപ്പ് വഴിയായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക വകുപ്പ് എന്നിവ കൃത്യമായി മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. നോര്‍ക്ക റൂട്ട്സ് എന്നത് വിദേശമലയാളികളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാറിന്‍െറ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പില്‍വരുത്തുന്ന ഒരു കമ്പനി മാത്രമാണ് എന്നോര്‍ക്കുക. ഇത് നോര്‍ക്ക വകുപ്പിന്‍െറ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
നോര്‍ക്ക റൂട്ട്സിന്‍െറ മെമ്മൊറാണ്ടത്തില്‍ (മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍) നയതന്ത്ര ഓഫിസുകളുമായി നേരിട്ട് കത്തിടപാടുകള്‍ നടത്തുന്നതിന് അനുവാദം നല്‍കുന്നുണ്ട് എന്നത് ശരിതന്നെ.
വിദേശമലയാളികളില്‍നിന്നും അവരുടെ കുടുംബങ്ങളില്‍നിന്നും വിദേശത്തെ നയതന്ത്ര ഓഫിസുകളുടെയും വിദേശകാര്യമന്ത്രാലയത്തിന്‍െറയും ഇടപെടലുകള്‍ ആവശ്യമുള്ള നിവേദനങ്ങള്‍ നോര്‍ക്ക വകുപ്പിലൂടെയാവണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതാണ് അഭികാമ്യവും.
സര്‍ക്കാര്‍ ഉത്തരവുകള്‍
ഡോക്ടര്‍മാരുടെ വിരമിക്കല്‍ നീട്ടിനല്‍കിയ കാലാവധി സര്‍വിസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ല
ഭാരതീയ ചികിത്സാവകുപ്പില്‍നിന്നും 31.5.2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘിപ്പിച്ചുനല്‍കിയ കാലാവധി, ലീവ് ഇന്‍ക്രിമെന്‍റ്-ഗ്രേഡ് പ്രമോഷന്‍-പെന്‍ഷന്‍ തുടങ്ങിയ സര്‍വിസ് ആനുകൂല്യങ്ങള്‍ക്ക് കണക്കാക്കില്ല എന്ന് വ്യവസ്ഥപ്പെടുത്തി 2.6.2016ലെ സര്‍ക്കാര്‍ ഉത്തരവിന് (G.O (Rt) No. 232/2016/ Ayush ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. G.O(Rt) No. 70/2017/Ayush Dt. 16.2.2017)
ബി.ഫാം, ഫാം.ഡി, ബി.എസ്സി നഴ്സിങ് അഡ്മിഷന്‍ ചുമതല എന്‍ട്രന്‍സ് പരീക്ഷാ കമീഷണര്‍ക്ക്
സെല്‍ഫ് ഫിനാന്‍സിങ് കോളജുകളടക്കം എല്ലാ കോളജുകളിലേക്കും/സ്ഥാപനങ്ങളിലേക്കുമുള്ള 2017-18 അക്കാദമികവര്‍ഷം മുതലുള്ള പ്രവേശനനടപടികള്‍ എന്‍ട്രന്‍സ് പരീക്ഷാ കമീഷണര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവുകള്‍. ബി.ഫാം-ഫാം.ഡി കോഴ്സുകള്‍ക്ക് എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തോടൊപ്പം എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ ഒന്നാം പേപ്പറിന്‍െറ അടിസ്ഥാനത്തില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ ഇന്‍ഡക്സ് മാര്‍ക്ക് ആധാരമാക്കി പ്രത്യേക റാങ്ക്ലിസ്റ്റ് തയാറാക്കും. (G.O (Rt) No. 448/2017/H&fwd dt 19/2/2017).
ബി.എസ്സി നഴ്സിങ് പ്ളസ് ടു സി.ബി.എസ്.ഇ: ഐ.സി.എസ്.ഇ യോഗ്യതാപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശനത്തിന് കൗണ്‍സലിങ് നടത്തും. (G.O(Rt) No. 449/2017/H&Fwd dated 19/2/2017.
സ്കോളര്‍ഷിപ്പുകള്‍ക്ക്
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം
വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും അവരുടെ ആധാര്‍ നമ്പര്‍ സ്വന്തം ബാങ്ക് അക്കൗണ്ടുമായി അടിയന്തരമായി ലിങ്ക് ചെയ്യേണ്ടതുള്ളതിനാല്‍ ഇതിനായി എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/പ്രൈവറ്റ് സ്കൂളുകളിലെ പ്രധാനാധ്യാപകരും കുട്ടികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. കേന്ദ്രസര്‍ക്കാറിന്‍െറ വിവിധ മന്ത്രാലയങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പു മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്, അംഗവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്, ഇന്‍സന്‍റിവ് ടു ഗേള്‍സ് സ്കോളര്‍ഷിപ്, മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് എന്നിവ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) മുഖേന കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ലഭിക്കുക. Circular No. N2/4446/2017/DPI dated 21/2/2017.
തൊഴിലുറപ്പ് പദ്ധതി: കരാര്‍ ജീവനക്കാരുടെ നിയമനത്തില്‍ സംവരണ തത്ത്വം പാലിക്കണം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കരാര്‍ ജീവനക്കാരുടെ നിയമനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ പ്രകാരം ഗ്രാമ/ബ്ളോക്ക്/ജില്ല തലങ്ങളിലെ കണക്കെടുപ്പു നടത്തി സംവരണ തസ്തികകള്‍ കണ്ടത്തെുന്നതിന് പദ്ധതിയുടെ മിഷന്‍ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ വിശദമായ മാര്‍ഗനിര്‍ദേശം നല്‍കി. പദ്ധതിയിലെ ആകെ തസ്തികകളുടെ എട്ട് ശതമാനം എസ്.സിക്കും രണ്ട് ശതമാനം എസ്.ടിക്കും സംവരണം ചെയ്യണം. G.O (Ms) No. 41/2017/LSGD dt 20/2/2017.
പുതിയ തസ്തികകള്‍ സൃഷ്ടിച്ചു
1) കേരള ഹൈകോടതിയില്‍ സീനിയര്‍ ഗവ. പ്ളീഡര്‍മാരുടെയും ഗവ. പ്ളീഡര്‍മാരുടെയും അഞ്ചുവീതം തസ്തികകള്‍: G.O (MS) No. 26/2017/law dated 17/2/2017. 2) ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഗ്രേഡ് II ബ്ളഡ് ബാങ്ക് ടെക്നീഷ്യന്‍െറ 15ഉം (Sc/ST 12, ST-3, ഗ്രേഡ് II റേഡിയോഗ്രാഫറുടെ 20ഉം (SC/ST-15, ST-5); ഒഫ്താല്‍മിക് അസിസ്റ്റന്‍റിന്‍െറ 9ഉം (Sc/St-7, ST-2) സൂപ്പര്‍ ന്യൂമററി തസ്തികകള്‍. G.O (MS) No. 28/2017/H&fwd dated 18/2/2017.
വിനോദനികുതി: ഇളവുകള്‍ക്കുള്ള അപേക്ഷക്ക് മാര്‍ഗരേഖ
സര്‍ക്കാര്‍ ഓഫിസുകളും /സ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും വിനോദനികുതി ഇളവുകള്‍ക്കായി സര്‍ക്കാറില്‍ സമര്‍പ്പിക്കുന്ന അപേക്ഷക്ക് നിശ്ചിതഘടന നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിശ്ചിത ഫോറത്തിലല്ലാതെയുള്ള അപേക്ഷ സ്വീകരിക്കില്ല. Circular No. RC2/8/2017 LSGD dated 18/2/2017.
സര്‍വീസ് സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം,
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.