ദിവസക്കൂലി-കോണ്‍ട്രാക്ട് നിയമനം: പ്രതിഫലവും മാര്‍ഗരേഖയും

ദിവസക്കൂലി-കോണ്‍ട്രാക്ട് നിയമനം: പ്രതിഫലവും മാര്‍ഗരേഖയും
ഞാന്‍ ഡെയ്ലി വേജ് ടീച്ചറായി ജോലി ചെയ്തുവരുകയാണ്. ഞങ്ങള്‍ 13 പേര്‍ ഹൈസ്കൂള്‍ വിഭാഗത്തിലുണ്ട്. സാധാരണ ഫെബ്രുവരി അവസാനം ഞങ്ങളെ പിരിച്ചുവിടുകയാണ് പതിവ്. മാര്‍ച്ച് മാസത്തില്‍ ഞങ്ങള്‍ക്ക് ജോലിക്കും വേതനത്തിനും അവകാശമില്ളേ. ചില സ്കൂളുകളില്‍ മാര്‍ച്ചില്‍ ജോലി ചെയ്യിക്കുകയും വേതനം നല്‍കാറുമുണ്ട്. ഒരേ നിയമമല്ളേ എല്ലാ സ്ഥലത്തും. മറുപടി പ്രതീക്ഷിക്കുന്നു.
ആബിദ കെ, നല്ലളം
 ദിവസക്കൂലിക്കാണല്ളോ ജോലി ചെയ്യുന്നത്. ജോലിയുണ്ടെങ്കില്‍ മാത്രം കൂലി. അധ്യാപക തസ്തികയിലാണെന്നതിനാല്‍ ദിവസക്കൂലിക്കാരെ ഫെബ്രുവരി മാസത്തില്‍തന്നെ ഒഴിവാക്കണമെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടില്ല.
26.02.2016ലെ സര്‍ക്കാര്‍ ഉത്തരവ് (G.O (P) No.28/2016/Fin) പ്രകാരമാണ് ദിവസവേതനമെങ്കില്‍/കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിര്‍ണയിക്കപ്പെട്ട തസ്തികകളില്‍ (മാത്രം) നിയമിക്കുന്നതിന്‍െറ പ്രതിഫലവും മാര്‍ഗരേഖയും സര്‍ക്കാര്‍ പുതുക്കിനിശ്ചയിച്ചത്.
ഇത്തരത്തില്‍ ജീവനക്കാരെ നിയോഗിക്കുന്നത് ഒരേ സമയം 179 ദിവസങ്ങള്‍ക്കു മാത്രമേ ആകാവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെങ്കില്‍ അവര്‍ക്ക് അക്കാദമിക വര്‍ഷത്തിന്‍െറ അവസാനംവരെ തുടരാം എന്ന വ്യവസ്ഥയുണ്ട്. ഡെയ്ലി വേജ് നിയമനം ഒരവകാശമല്ളെന്ന് ഓര്‍ക്കുക. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ണയിക്കപ്പെട്ട തസ്തികകള്‍ക്ക് (Col.1 annexure) പുറമെ ഇത്തരത്തില്‍ ദിവസവേതന/കോണ്‍ട്രാക്ട് നിയമനങ്ങള്‍ക്ക്  സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വേണം. അതും ധനവകുപ്പിന്‍െറ അംഗീകാരത്തോടെ മാത്രം. ഇതല്ലാതെയുള്ള എല്ലാ ക്ളെയിമുകള്‍ക്കും അത് നല്‍കുന്ന ഓഫിസറായിരിക്കും ഉത്തരവാദി.
ദിവസവേതന, കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ളവര്‍ക്കുള്ള പ്രതിഫലം ഇനിമുതല്‍ ഓരോ വര്‍ഷവും ഏപ്രില്‍ മുതല്‍ ധനവകുപ്പ് നിശ്ചയിക്കും. നിലവിലുള്ള ഉത്തരവിന്‍െറ പ്രാബല്യം 1.4.2016 മുതലാണ്.
ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ടവരെ ഒരു കാരണവശാലും സര്‍വിസില്‍ സ്ഥിരപ്പെടുത്തില്ല. ദിവസക്കൂലി മാത്രമാണ് പ്രതിഫലം.
ദിവസക്കൂലിക്കാര്‍ക്കുള്ള യോഗ്യത
ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ പരിചയം നിര്‍ബന്ധമാണോ? മുന്‍പരിചയമുണ്ടെങ്കില്‍ കൂടുതല്‍ വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ടോ?
ഡി. രവികുമാര്‍, അരൂര്‍
 ഓരോ തസ്തികക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ നിശ്ചയിച്ചിട്ടുണ്ടല്ളോ. സ്പെഷല്‍ ചട്ടങ്ങളിലോ ഗ്രാന്‍റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിലോ നിശ്ചയിക്കപ്പെട്ട അടിസ്ഥാന യോഗ്യതയും പരിചയവും ഓരോ തസ്തികയിലേക്കും ദിവസക്കൂലി അടിസ്ഥാനത്തില്‍ ഏര്‍പ്പാടാക്കുന്നവര്‍ക്കും നിര്‍ബന്ധമാണ്. ദിവസവേതനവ്യവസ്ഥയില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനുമുമ്പ് സ്ഥാപന മേധാവി ഇക്കാര്യം ഉറപ്പുവരുത്തിയിരിക്കണം.
ദിവസവേതനം നിശ്ചയിച്ചിരിക്കുന്നത് ഓരോ തസ്തികക്കും നിര്‍ണിതമാണ് എന്നതിനാല്‍ മുന്‍പരിചയത്തിന് കൂടുതല്‍ വേതനം നല്‍കാന്‍ വ്യവസ്ഥയില്ല.

സര്‍ക്കാര്‍ ഉത്തരവുകള്‍
ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം: മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിഷ്കരിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം-നിയമനം സംബന്ധിച്ച് പൊതുമാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.-G.O (P) No. 3/2017/P & ARD dated 25/2/2017.
അര്‍ബുദബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് 
സംസ്ഥാനത്തെ അര്‍ബുദബാധിതര്‍ക്ക് അര്‍ബുദ പെന്‍ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിനു (10ാം നമ്പര്‍ അപേക്ഷഫോറത്തില്‍ മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റില്‍ ആര്‍.സി.സി എന്ന് രേഖപ്പെടുത്തിയതില്‍ മാറ്റം വരുത്തി) പുറമെ മലബാര്‍-കൊച്ചി കാന്‍സര്‍ സെന്‍ററുകള്‍, എല്ലാ മെഡിക്കല്‍ കോളജുകളിലെയും രജിസ്ട്രേഡ് ഓങ്കോളജിസ്റ്റുകള്‍ എന്നിവര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. -G.O (Rt) No. 475/2017/ H& FWD dated 22/2/2017.
ക്ഷാമബത്ത കുടിശ്ശിക പ്രോവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാന്‍ സമയം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2005 ജനുവരി ഒന്നു മുതല്‍ 2016 ജനുവരി ഒന്നു വരെ അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക ജീവനക്കാരുടെ പി.എഫില്‍ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സമയം 2017 ജൂലൈ വരെ നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 31.7.2017 വരെയുള്ള ശമ്പളബില്ലിലൂടെ ഡി.എ-കുടിശ്ശിക പ്രോവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാം. G.O (P) No: 26/2017/ Fin dated 22/2/2017.
2016-17ല്‍ നിയമിതരായ 
അധ്യാപകര്‍ക്കും കെ.ടെറ്റിന് ഇളവ്
2016-17 വര്‍ഷത്തില്‍ സര്‍വിസില്‍ നിയമിതരായ അധ്യാപകര്‍ക്കും കെ.ടെറ്റ് യോഗ്യതപരീക്ഷ പാസാകുന്നതിന് 31.3.2018 വരെ സര്‍ക്കാര്‍ ഇളവനുവദിച്ച് ഉത്തരവ്.  NCTE (National Council for Teachers Education) മാനദണ്ഡങ്ങളനുസരിച്ച് കെ. ടെറ്റ് നിര്‍ബന്ധ യോഗ്യതയായതിനാല്‍ ടെസ്റ്റിന് ഇളവ് ലഭിച്ചവര്‍ 2018-19 അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് കെ.ടെറ്റ് യോഗ്യത നേടിയിരിക്കണം.-G.O (P) No. 3/2017/GI. Edn dated 21/2/2017.
അട്ടപ്പാടിയില്‍ പെന്‍ഷന്‍ അനുവദിക്കാന്‍ നിര്‍ദേശം
അട്ടപ്പാടിയില്‍ പെന്‍ഷനുവേണ്ടിയുള്ള അപേക്ഷകള്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ വഴി ശേഖരിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് ലഭ്യമാക്കി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. അപേക്ഷയിലെ അപ്പീല്‍ അധികാരി ഒറ്റപ്പാലം സബ്കലക്ടര്‍.-G.O (Rt) No. 485/2017/LSGD dated 20/2/2017.
ട്രഷറി നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കുറക്കുന്നു
വിവിധ ട്രഷറി നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ സര്‍ക്കാര്‍ പുതുക്കിനിശ്ചയിച്ച് ഉത്തരവുകള്‍:
1. ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റുകള്‍: 180 ദിവസം -ഒരുവര്‍ഷത്തില്‍ താഴെ: പൊതുവിഭാഗം 7.5 ശതമാനം ഏഴായും, മുതിര്‍ന്ന പൗരന്മാര്‍ക്ക് എട്ടു  ശതമാനം 7.5 ആയും; ഒരു വര്‍ഷത്തിനു മുകളില്‍ രണ്ടില്‍ താഴെയും രണ്ടു വര്‍ഷത്തിനു മുകളില്‍ മൂന്നില്‍ താഴെയും മൂന്നു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ജനറല്‍ ഒമ്പതു ശതമാനം  8.5 ആയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.5 ശതമാനം ഒമ്പത് ആയും 1.3.2017 പ്രാബല്യത്തില്‍ പുതുക്കിനിശ്ചയിച്ചു. -(G.O) (P) No. 25/2017/ Fin dated 21/2/2017.

2. ട്രഷറി സേവിങ്സ് ബാങ്ക് (TSB) അക്കൗണ്ട് -നിലവിലെ അഞ്ചു ശതമാനം 4.5 ആയി 1.4.2017 പ്രാബല്യത്തില്‍ പുതുക്കി.  G.O (P) No. 29/2017/ Fin dated 2/3/2017.
എന്‍റമോളജി, ഫൈലേറിയ അസി. ഡയറക്ടര്‍ തസ്തിക: നിയമന മാനദണ്ഡങ്ങള്‍ പുതുക്കി
ആരോഗ്യവകുപ്പില്‍ എന്‍റമോളജി, ഫൈലേറിയ അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികകളിലേക്കുള്ള യോഗ്യത, പരിചയം, നിയമനരീതി എന്നിവ പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. -G.O (MS) No. 27/2017/ H & FWD dt: 18/2/2017.
അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കി
സ്പെഷല്‍ സ്കൂളുകളില്‍ പഠിക്കുന്ന അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്ക് ബോഡിങ് ഗ്രാന്‍റ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും രക്ഷാകര്‍ത്താവിന്‍െറ കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കി (വരുമാന പരിധി ആറു ലക്ഷം രൂപയായി നിശ്ചയിച്ച 15.9.2015ലെ ഉത്തരവില്‍ ഭേദഗതി വരുത്തി) സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ബാലാവകാശ 29.7.2016ലെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണിത്. G.O (Rt) No. 457/2017/GI. Edn dt: 20.02.2017.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.