തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡിലെ എഴുത്തുപരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ പട്ടികജാതിക്കാരിയായ ഉദ്യോഗാർഥിക്ക് അഭിമുഖത്തിൽ പി.എസ്.സി അനുവദിച്ചത് അഞ്ച് മിനിറ്റ് സമയം. പ്ലാനിങ് ബോർഡിൽ ചീഫ് സോഷ്യൽ സർവിസ് തസ്തികയിൽ ഒന്നാം റാങ്കിലെത്തിയ പി.ജെ. സൗമ്യക്കായിരുന്നു ഈ ദുരനുഭവം. അഭിമുഖത്തിൽ പങ്കെടുത്തവർക്കെല്ലാം ശരാശരി 30 മിനിറ്റ് അനുവദിച്ചിരുന്നെന്ന പി.എസ്.സി ചെയർമാെൻറ വാദമാണ് ഇതോടെ പൊളിഞ്ഞുവീഴുന്നത്.
ചീഫ് സോഷ്യൽ സർവിസ് തസ്തികയിൽ 91.75 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തിയ സൗമ്യയോട് കാര്യമായ ഒരു ചോദ്യം പോലും ചെയർമാനടക്കമുള്ളവർ ചോദിച്ചില്ല.
ആസൂത്രണബോർഡിലേക്കുള്ള നിയമനമായിട്ടുപോലും അഭിമുഖ പാനലിലുണ്ടായിരുന്ന വൈസ് ചെയർമാനും തന്നോട് ചോദ്യം ചോദിച്ചില്ലെന്ന് സൗമ്യ പറയുന്നു. പി.എസ്.സിയുടെ നീതിനിഷേധത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സൗമ്യ.
കഴിഞ്ഞമാസം 19നായിരുന്നു ചീഫ് സോഷ്യൽ സർവിസ് തസ്തികയിലേക്ക് പി.എസ്.സി അഭിമുഖം നടത്തിയത്. രാവിലെ 10.45ന് ആരംഭിച്ച ഇൻറർവ്യൂ രണ്ടുമണിക്കൂർകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. 10 പേരായിരുന്നു അഭിമുഖത്തിന് എത്തിയത്. അഭിമുഖത്തിന് ഒരാൾക്ക് 30 മിനിറ്റ് അനുവദിച്ചെന്ന് പി.എസ്.സി പറയുമ്പോൾ എങ്ങനെ 12.45ന് അഭിമുഖം അവസാനിക്കുമെന്നും സംശയമുണ്ടെങ്കിൽ പി.എസ്.സിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സംസ്ഥാന സർക്കാറിനടക്കം പരിശോധിക്കാമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
ചീഫ് സോഷ്യൽ സർവിസ്, ചീഫ് പ്ലാനിങ് കോഓഡിനേഷൻ, ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് എന്നീ മൂന്ന് തസ്തികയിലും ആദ്യ മൂന്ന് റാങ്കിലെത്തിയവരുടെ അനുഭവപരിചയമാണ് അഭിമുഖത്തിൽ കണക്കാക്കിയതെന്നാണ് പി.എസ്.സിയുടെ മറുവാദം. എന്നാൽ, കേന്ദ്ര ആസൂത്രണമന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറി റാങ്കിലുള്ള രാകേഷിന് അഭിമുഖത്തിൽ നൽകിയത് 18 മാർക്ക്. ആസൂത്രണവിഷയത്തിൽ പ്ലാനിങ് ബോർഡിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ പാനലിനുള്ള ഉദ്യോഗാർഥിക്ക് നൽകിയത് 16 മാർക്ക്.
അഭിമുഖത്തിന് 70 ശതമാനം മാർക്ക് മാത്രമേ നൽകാവൂ എന്ന കീഴ്വഴക്കം ഉയർന്ന തസ്തികകൾക്ക് ബാധകമല്ലെന്നും യു.പി.എസ്.സിക്ക് 80 ശതമാനത്തിനുമേൽ മാർക്ക് കൊടുക്കുന്നത് അതുകൊണ്ടാണെന്നുമാണ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിെൻറ വാദം. എന്നാൽ, ഒരു തസ്തികയിലേക്കും നാളിതുവരെ പി.എസ്.സി 90 മുതൽ 95 ശതമാനം മാർക്ക് അഭിമുഖത്തിന് നൽകിയിട്ടില്ലെന്ന് മുൻ പി.എസ്.സി അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സിവിൽ സർവിസ് പരീക്ഷക്ക് പരാമാവധി 80 ശതമാനത്തിന് താഴെ മാത്രമേ മാർക്ക് നൽകാറുള്ളൂവെന്ന് മൂന്നുതവണ ഇൻറർവ്യൂ ബോർഡ് അംഗമായിരുന്നു മുൻ ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര കമീഷൻ അംഗവുമായ സി.പി. നായർ പറയുന്നു. ഇതോടെ നിയമന അട്ടിമറിയിൽ പി.എസ്.സിയുടെ വിശദീകരണം ബന്ധപ്പെട്ടവരെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിയാണ്.
എല്ലാം സുതാര്യം, തെറ്റ് പറ്റിയിട്ടില്ല– പി.എസ്.സി
തിരുവനന്തപുരം: ആസൂത്രണബോർഡിലെ ചീഫിെൻറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖം സുതാര്യമായിരുന്നെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. എഴുത്തുപരീക്ഷയുടെ മാർക്ക് ഇൻറർവ്യൂവിന് മുമ്പ് പ്രസിദ്ധീകരിക്കാറില്ല. സീൽ ചെയ്ത കവറിൽ രഹസ്യമായി സൂക്ഷിക്കുന്ന എഴുത്തുപരീക്ഷയുടെ മാർക്കും ഇൻറർവ്യൂവിെൻറ മാർക്കും പ്രസിദ്ധീകരിക്കുന്നത് അന്തിമപട്ടികയിൽ മാത്രമാണ്.
ചീഫിെൻറ വിശേഷാൽ ചട്ടങ്ങളിൽ അടിസ്ഥാനയോഗ്യതക്ക് പുറമെ സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിൽ ഗവേഷണതന്ത്രങ്ങൾ പ്രയോഗിക്കുന്നതിലുള്ള അനുഭവജ്ഞാനം ഉള്ളവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമായി പറയുന്നുണ്ട്. കൂടാതെ, കേരളത്തിെൻറ പശ്ചാത്തലവുമായി ബന്ധപ്പെട്ട് സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന നൽകും. ഈ മുൻഗണനാ യോഗ്യത വിലയിരുത്തിയാണ് മാർക്ക് നൽകിയത്. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് പ്രാപ്തിയില്ലെന്നു കണ്ടാൽ അയോഗ്യത കൽപിക്കാനും കമീഷന് അവകാശമുണ്ടെന്നും പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.