തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികൾക്ക് പി.എസ്.സി ചോദ്യപേ പ്പർ ചോർന്നതുമായി ബന്ധപ്പെട്ട് നിലവിലെ പരീക്ഷരീതികൾ ഉടച്ചുവാർക്കാൻ പി.എസ്.സി ഒരുങ്ങുന്നു. ആദ്യപടിയായി വനിത ബറ്റാലിയനിലടക്കം എട്ട് പൊലീസ് ബറ്റാലിയനിലേക്കും ഒറ്റദിവസംകൊണ്ട് നടത്തിയിരുന്ന ഒ.എം.ആർ പരീക്ഷ ഇനി മുതൽ വിവിധ ഘട്ടങ്ങളിലായി നടത്താൻ ധാരണയായി. പി.എസ്.സി ജീവനക്കാരുടെ അഭാവം മൂലം പരീക്ഷകേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന ഉണ്ടാകുന്നില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് ഓരോ ഘട്ടമായി ബറ്റാലിയൻ പരീക്ഷ നടത്താൻ പി.എസ്.സി ഒരുങ്ങുന്നത്. കൂടുതൽ ഉദ്യോഗാർഥികൾ എഴുതുന്ന പരീക്ഷകളും ഇത്തരത്തിൽ വിവിധ ഘട്ടങ്ങളായി നടത്താനും പി.എസ്.സി ആലോചിക്കുന്നുണ്ട്. നിലവിൽ 15 ലക്ഷത്തോളം പേർ പരീക്ഷയെഴുതുന്ന എൽ.ഡി.സി പരീക്ഷകൾ വിവിധ ഘട്ടങ്ങളിലായാണ് നടത്തുന്നത്.
ഇതേരീതിയിൽ ഏഴ് ലക്ഷത്തോളം പേർ പരീക്ഷയെഴുതുന്ന സിവിൽ പൊലീസ് ഓഫിസർ പരീക്ഷയും വിവിധ ഘട്ടങ്ങളിലായി നടത്തണമെന്ന് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി (കാസര്‍കോട്) നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവിനും പരീക്ഷപേപ്പർ ചോർന്നുകിട്ടിയത് ഇവർ പഠിക്കുന്ന യൂനിവേഴ്സിറ്റി കോളജിൽ നിന്നായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്.
യൂനിവേഴ്സിറ്റി കോളജിൽ അന്നേ ദിവസം പരീക്ഷ ഡ്യൂട്ടിക്കുണ്ടായിരുന്ന അധ്യാപകരിൽ ചിലരുടെ സഹായത്തോടെ ജീവനക്കാരിൽ ഒരാൾ ചോദ്യപേപ്പർ ഇവരുടെ സുഹൃത്തുകളായ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീര്‍, അയല്‍വാസിയും എ.ആര് ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസറുമായ വി.എം. ഗോകുല്‍ എന്നിവർക്ക് കൈമാറിയതായാണ് വിവരം. ഇവർ സമീപത്തെ സംസ്കൃത കോളജിലിരുന്ന് ഉത്തരങ്ങൾ മൊബൈൽ ഫോൺവഴി എസ്.എം.എസായി അയക്കുകയായിരുന്നു. പി.എസ്.സി അഡീഷനൽ ചീഫ് സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽവേണം ഓരോ കേന്ദ്രത്തിലും പരീക്ഷ നടക്കേണ്ടത്.
എന്നാൽ, ആറരലക്ഷത്തോളം പേർ പരീക്ഷയെഴുതിയ ജൂലൈ 22ന് 70 ശതമാനം കേന്ദ്രങ്ങളിലും പി.എസ്.സി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലായിരുന്നു. യൂനിവേഴ്സിറ്റി കോളജിൽനിന്ന് ചോദ്യപേപ്പർ ചോർന്നതിന് പിന്നിലും പി.എസ്.സി ഉദ്യോഗസ്ഥരുടെ നിരീക്ഷണക്കുറവുണ്ടായതാണ് വിവരം.ഇതിന് പുറമെ ഇനിമുതൽ പരീക്ഷഹാളിൽ വാച്ച് നിരോധിക്കണമെന്നും ഉദ്യോഗാർഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നും ഹാളിൽ പ്രവേശിക്കുന്നതിന് ദേഹപരിശോധനക്ക് വിധേയമാക്കണമെന്ന നിർദേശവും കമീഷൻ അംഗങ്ങളിൽ ചിലർ മുന്നോട്ടുെവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.