തിരുവനന്തപുരം: ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നല്കാന് പി.എസ്.സിയെ സഹായിക്കുന്നതിന് സര്‍വകലാശാലകളുടെയും ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിെൻറയും പ്രതിനിധികളുള്ള ഉപസമിതി രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ കണ്‍വീനറായ സമിതിയില്‍ മലയാളം, സംസ്കൃതം സര്‍വകലാശാലകളുടെയും കേരള, എം.ജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് സഹായം ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.
ഇരുഭാഷയിലും ചോദ്യം തയാറാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കാന്‍ സര്‍വകലാശാലകള്‍ പി.എസ്.സിയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷില്‍ ചോദ്യം തയാറാക്കുന്ന അധ്യാപകര്‍ തന്നെ അത് പരിഭാഷപ്പെടുത്തി നല്‍കണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. പ്ലസ് ടു തലത്തില്‍ ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്.ടി മലയാളത്തിലാക്കിയിട്ടുണ്ട്. അതിനുള്ള സാങ്കേതികപദ നിഘണ്ടുവും അവര്‍ തയാറാക്കി. ചോദ്യപേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്ക് ഇത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സവിശേഷ സാങ്കേതിക പരീക്ഷകള്‍ക്കുള്ള വിജ്ഞാനപദകോശം നിര്‍മിക്കുന്നതിനും സര്വകലാശാലതലത്തില് ശ്രമങ്ങള്‍ ഉണ്ടാകണം.
സര്‍വകലാശാല ബിരുദം യോഗ്യതയായ പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയാസമില്ല എന്ന അഭിപ്രായമാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും വി.സിമാരും പ്രകടിപ്പിച്ചത്. ഇതിനാവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പ് നല്കി.പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍, മലയാളം സര്‍വകലാശാല വി.സി ഡോ. അനില്‍ വള്ളത്തോള്‍, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. കാര്ത്തികേയന് നായര്‍, ഡോ. വി.പി. മഹാദേവന് പിള്ള (കേരള), ഡോ. കെ.സി. സണ്ണി (നിയമ സര്‍വകലാശാല), ഡോ. രാജശ്രീ (എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാല), ഡോ. റിജി ജോണ്‍ (ഫിഷറീസ് സര്‍വകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രന് (കണ്ണൂര്‍), ഡോ. മുഹമ്മദ് ബഷീര്‍ (കോഴിക്കോട്), പ്രഫ. സാബു തോമസ് (മഹാത്മാഗാന്ധി), ഡോ. പി.ജി. ശങ്കരന് (കുസാറ്റ്), ഡോ. എ. നളിനാക്ഷന് (ആരോഗ്യ സര്‍വകലാശാല), ഡോ. ആര്. ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ധർമരാജ് അടാട്ട് (സംസ്കൃതം), ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.