തിരുവനന്തപുരം: മാർച്ച് 31ന് റദ്ദാവുന്ന പി.എസ്.സി എൽ.ഡി. ക്ലർക്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശം. എല്ലാ ജില്ലകളിലും പരമാവധി നിയമനം നടത്താനാണ് നിർദേശം. ഈ മാസം 27ന് മുമ്പ് എൽ.ഡി. ക്ലർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിട്ടു. എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.
2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പി.എസ്.സി എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതോടെ നിരവധി ഉദ്യോഗസ്ഥരുടെ പ്രതീക്ഷയാണ് പൊലിയുന്നത്. 23,792 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് ഏഴായിരത്തിൽപരം പേർക്ക് മാത്രമാണ് നിയമന ശിപാർശ നൽകിയത്. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ സൂപ്പർ ന്യൂമറി തസ്തികയായി കണക്കാക്കി നിലവിലെ ലിസ്റ്റിൽ നിന്ന് നിയമിക്കുന്നതിന് പി.എസ്.സിയോട് ശിപാർശ ചെയ്ത് സർക്കാറിന് പ്രതിസന്ധി പരിഹരിക്കാവുന്നതാണ്.
ലിസ്റ്റിൽ അവശേഷിക്കുന്ന ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞ് ഇനി അവസരമില്ലാത്തവരാണ്. നിലവിലെ എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ കിേട്ടണ്ട 1500 ഒഴിവുകൾ സൂപ്പർ ന്യൂമറിയായി തൊട്ടുമുമ്പുള്ള ലിസ്റ്റിന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയിരുന്നു. അതിനാൽ നിലവിലെ ലിസ്റ്റ് 2015 ഏപ്രിലിൽ വന്നെങ്കിലും ആറു മാസം കഴിഞ്ഞാണ് നിയമനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.