തിരുവനന്തപുരം: ഒഴിവുകൾ ഒളിച്ചുവെച്ച് സംസ്ഥാനത്ത് നിയമന നിരോധന നീക്കം വീണ്ടും. പി.എസ്.സി റാങ്ക്ലിസ്റ്റിലുള്ളവരെ നോക്കുകുത്തിയാക്കി ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അണിയറനീക്കം. പിൻവാതിൽ നിയമനവും സ്ഥാനക്കയറ്റവും ലക്ഷ്യമിട്ട് മിക്ക വകുപ്പുകളും ഒഴിവുകൾ പൂഴ്ത്തുന്നു. ഭരണപക്ഷ ട്രേഡ് യൂനിയനുകളുടെ ഒത്താശയിൽ നടക്കുന്ന നടപടി കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ.
കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലാണ് ഏറ്റവും വലിയ തട്ടിപ്പ്. ആയിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുേമ്പാഴും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് ഒരൊഴിവ് മാത്രം. 1500ലേറെപേർ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നുമുണ്ട്. പരീക്ഷ നടത്തി വർഷമൊന്ന് പിന്നിട്ടിട്ടും റാങ്ക്ലിസ്റ്റ് തയാറാക്കുന്നതിൽ പി.എസ്.സിയും ആശയക്കുഴപ്പത്തിലായി. റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പരിഗണിക്കാതെ തൊട്ടുമുമ്പ് നടന്ന അഡ്വൈസ് മെമ്മോയുടെ എണ്ണം കണക്കാക്കി അടുത്തദിവസം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം.
കെ.എസ്.ഇ.ബിയിൽ അസി. ഗ്രേഡ്, ജൂനിയർ അസിസ്റ്റൻറ്, കാഷ്യർ തസ്തികകളിലും ഒഴിവുകൾ പൂഴ്ത്തുന്നു. കെ.എസ്.എഫ്.ഇയിലും സമാന സ്ഥിതിയാണുള്ളത്. ഉദ്യോഗാർഥികളുടെ പരാതിയിൽ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഹൈകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ആയിരത്തോളം ഒഴിവുകളുണ്ടെന്നാണ് കണക്ക്. റാങ്ക്ലിസ്റ്റിെൻറ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
സർവകലാശാലകളിലെ അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസിസ്റ്റൻറ് ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നില്ല. സംസ്ഥാനത്ത് കാലിക്കറ്റ് സർവകലാശാലയിലാണ് ഏറ്റവും കുറഞ്ഞ നിയമനം നടന്നത്. 19 പേരെയാണ് ഇതിനകം നിയമിച്ചത്. 56 ഒഴിവുകൾ ഇവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
താൽക്കാലിക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ വേണമെന്നതും സർവകലാശാലകൾ അവഗണിക്കുന്നു. ജലസേചനം, വനം വകുപ്പുകളിലും ഒഴിവുകൾ വ്യാപകമായി ഒളിച്ചുവെക്കുന്നുണ്ടെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. റാങ്ക്ലിസ്റ്റിലുള്ളവർ വിവരാവകാശ നിയമപ്രകാരം ഒഴിവുകളുടെ കണക്ക് ശേഖരിച്ചുവെക്കുന്നുവെന്നല്ലാതെ നിയമനം നടക്കുന്നില്ല. ഡി.ഡി.ഇ ഒാഫിസുകളിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരാണ് ഒഴിവുകൾ പൂഴ്ത്തുന്നത്. റാങ്ക്ലിസ്റ്റിെൻറ കാലാവധി തീരുന്നതിനു ദിവസങ്ങൾക്കു മുമ്പ് പണപ്പിരിവ് നടത്തി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.
'റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശിപാർശ നൽകുക മാത്രമാണ് പി.എസ്.സിയുടെ ചുമതല. ഒഴിവുകൾ പൂഴ്ത്തുന്ന കാര്യം പി.എസ്.സിയുടെ മിക്ക യോഗങ്ങളിലും ചർച്ചയാവുന്നുണ്ട്. ഒഴിവുകൾ യഥാസമയം അറിയിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശമാണ് ജലരേഖയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.