കൊച്ചി:സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024 നകം നാക് അക്രഡിറ്റേഷ൯ ലഭിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ 2024 എന്ന പേരിൽ പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ. ബിന്ദു. നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡുകൾ നേടിയ സർവകലാശാലകളെയും കോളജുകളെയും ആദരിക്കുന്ന എക്സലൻഷ്യ 23 പുരസ്കാര സമർപ്പണത്തിന്റെയും അക്രഡിറ്റേഷന് തയാറെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിർദേശങ്ങള്‍ നല്‍കുന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനാണ് പ്രാഥമിക പരിഗണന. ഗുണനിലവാരം അളക്കാനും ഉറപ്പു വരുത്താനുമുള്ള പ്രക്രിയ എന്ന നിലയിൽ കൂടുതലായി അക്രഡിറ്റേഷനെ ആശ്രയിക്കുന്നു. നാക് അക്രഡിറ്റേഷനായി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഒരു സ്വതന്ത്ര അക്രഡിറ്റേഷൻ സംവിധാനമായ സാക്കിനും കേരളത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റാങ്കിംഗിലേക്കും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തണം. ഇത്തരത്തിലുള്ള വിലയിരുത്തലുകളും അംഗീകാരങ്ങളും റാങ്കിംഗ് സംവിധാനങ്ങളുമെല്ലാം സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ്.
ഗവേഷണ മേഖലയിലും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. നിരവധി പേർ പേറ്റന്റുകൾ സ്വന്തമാക്കുകയും അന്താരാഷ്ട്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തു. ട്രാൻസ്‌ലേഷണൽ റിസർച്ചിലൂടെയും ഇൻക്യുബേഷനിലൂടെയും ഈ അറിവുകളെ സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ വിനിയോഗിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കാക്കനാട് രാജഗിരി വാലിയിൽ നടന്ന ചടങ്ങിൽ നാക് എ++, എ+, എ അക്രഡിറ്റേഷൻ നേടിയ യൂനിവേഴ്സിറ്റികൾക്കും കോളജുകൾക്കുള്ള എക്സലൻഷ്യ 23 പുരസ്കാരം മന്ത്രി ആർ. ബിന്ദുവും നാക് ചെയർമാൻ പ്രൊഫ. ഭൂഷൻ പട് വർധനും ചേർന്ന് വിതരണം ചെയ്തു.
നാക് ചെയർമാൻ പ്രൊഫ. ഭൂഷൻ പട് വർധൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കൊളീജിയറ്റ് എജ്യൂക്കേഷൻ ഡയറക്ടർ വി. വിഘ്നേശ്വരി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ, കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ എം.കെ. ജയരാജ്, നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരി ജഗൻ, കൊച്ചി സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.ജി. ശങ്കരൻ, കണ്ണൂർ സർവകലാശാല പ്രോ- വൈസ് ചാൻസലർ പ്രൊഫ. എ. സാബു, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ഫാ. ജോസ് കുറിയേടത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.